സഭയില്‍ ബഹളം; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് പിന്‍വലിക്കുന്നതില്‍ അനൗചിത്യമില്ല. വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.
കൈയാങ്കളിയുമായി ബന്ധപ്പെട്ട് കേസ് നല്‍കാന്‍ നിയമസഭയോ സ്പീക്കറോ തീരുമാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ തീരുമാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്. നിയമസഭയിലുണ്ടായ കൈയാങ്കളിയില്‍ സപീക്കര്‍ക്ക് ലഭിച്ച മൂന്നു പരാതികളില്‍ ഒന്നു മാത്രമാണ് ഉദ്യോഗസ്ഥര്‍ പോലിസിന് കൈമാറിയത്. ഇക്കാര്യത്തില്‍ തുടക്കം മുതല്‍ തന്നെ വിവേചനമുണ്ട്. ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതി സഭയുടെ പരാതി ആകില്ല. സഭാ നടപടികള്‍ കോടതിയിലെത്തുന്നത് ജുഡീഷ്യറിയും ലെജിസ്ലേച്ചറും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരാണ് കേസ് പിന്‍വലിക്കാന്‍ നടപടി ആരംഭിച്ചത്. സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നത് സഭയുടെ അന്തസ്സ് കെടുത്തും. കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തീരുമാനം ജനാധിപത്യത്തോട് ചെയ്യുന്ന തെറ്റാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സഭയില്‍ കുറ്റകൃത്യം നടന്നാല്‍ എംഎല്‍എമാര്‍ക്ക് സംരക്ഷണം നല്‍കാനാവില്ലെന്നായിരുന്നു പ്രതിപക്ഷ നിലപാട്. പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് കൂടിയാണിതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വി ഡി സതീശന്‍ നടത്തിയ പരാമര്‍ശം സഭയില്‍ ഭരണ  പ്രതിപക്ഷ ബഹളത്തിനിടയാക്കി. സഭ്യേതര പരാമര്‍ശം ഉണ്ടായെന്നും സതീശന്‍ വനിതാ അംഗങ്ങളെ വീണ്ടും അപമാനിക്കുകയാണെന്നും ചുണ്ടിക്കാട്ടി അവ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് പരാതിക്കാരിലൊരാളായ ഇ എസ് ബിജിമോള്‍ ആവശ്യപ്പെട്ടു. വി ഡി സതീശന്‍ സ്ത്രീകള്‍ക്കെതിരെ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ബിജിമോളുടെ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇത് സഭയില്‍ ബഹളത്തിനിടയാക്കി. സഭയില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് വ്യക്തമായ അഭിപ്രയം ഉെണ്ടങ്കിലും അത് പറയുന്നില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ബലാല്‍സംഗവും മാനഭംഗവും രണ്ടും രണ്ടാണ്.ഇത് മനസ്സിലാക്കാതെയാണ് സതീശന്‍ സംസാരിക്കുന്നതെന്ന് എ കെ ബാലനും പറഞ്ഞു.  കേസ് പിന്‍വലിക്കരുതെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it