Flash News

സഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ വാക്കേറ്റം ; ഗീത ഗോപിനാഥിന്റെ അച്ഛന് ഹോര്‍ട്ടികോര്‍പുമായി ബന്ധമെന്ന് പ്രതിപക്ഷം



തിരുവനന്തപുരം: അടിയന്തരപ്രമേയ നോട്ടീസ് അവതരണത്തിനിടെ നിയമസഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ വാക്കേറ്റം. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിന്റെ പിതാവ് ഹോര്‍ട്ടികോര്‍പിന് പച്ചക്കറി നല്‍കുന്ന മൊത്തവിതരണക്കാരനാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയാണ് അസാധാരണമായ സംഭവത്തിന് വഴിവച്ചത്. ഹോര്‍ട്ടി കോര്‍പ് സംസ്ഥാനത്തേക്ക് പച്ചക്കറി വാങ്ങുന്നത് ഗീതയുടെ പിതാവ് ഗോപിനാഥില്‍ നിന്നാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച വി ഡി സതീശന്റെ പ്രസ്താവനയെ ഭരണകക്ഷികള്‍ ഏറ്റുപിടിച്ചതാണ് ബഹളത്തിനു തുടക്കം. ഇതോടെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിഷയത്തില്‍ ഇടപെട്ടു. വി ഡി സതീശനെ സ്പീക്കര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലെത്തി പ്രതിഷേധിച്ചു. കുടിശ്ശിക ഇല്ലാതെ പച്ചക്കറിഉല്‍പ്പന്നങ്ങളുടെ വില സര്‍ക്കാര്‍ ഗോപിനാഥിന് കൃത്യമായും നല്‍കുന്നുണ്ടെന്നും ഇടുക്കി വട്ടവടയിലെ പാവപ്പെട്ട കര്‍ഷകരുടെ സൊസൈറ്റിയില്‍ നിന്നു ശേഖരിക്കുന്ന പച്ചക്കറിക്ക് പണം നല്‍കാതെ കുടിശ്ശികയാക്കുകയാണെന്നും സതീശന്‍ ആരോപിച്ചു. ഗീത ഗോപിനാഥുമായി ബന്ധപ്പെട്ട് സതീശന്‍ നടത്തിയ പരാമര്‍ശത്തോടെ വിഷയത്തില്‍ നിന്നു വ്യതിചലിച്ചു പോവുന്നതായി സ്പീക്കര്‍ പറഞ്ഞു. വിഷയത്തില്‍ ഊന്നിനിന്നു സംസാരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ അഭിപ്രായപ്രകടനത്തെ തുടര്‍ന്ന് സിപിഐക്കാരായ അംഗങ്ങള്‍ സതീശനെതിരേ രംഗത്തെത്തി. ഇതിനെ മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചതോടെ സിപിഎം അംഗങ്ങളും പിന്തുണയുമായെത്തി. സ്പീക്കറാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് സതീശന്‍ ആരോപിച്ചതോടെ പ്രതിപക്ഷത്തെ യുവ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ വേദിക്ക് മുന്നിലെത്തി മുദ്രാവാക്യം വിളിച്ചു. സ്പീക്കറെ ഭീഷണിപ്പെടുത്തുന്നത് ശരിയല്ലെന്നും സ്പീക്കറുടെ നിലപാടിനെ പ്രതിപക്ഷം ചോദ്യംചെയ്യുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇങ്ങനെ പോയാല്‍ സഭ എവിടെയെത്തുമെന്ന് യുഡിഎഫ് നേതൃത്വം ആലോചിക്കണം. ഗീത ഗോപിനാഥിന്റെ പിതാവിനെ സഭയിലേക്ക് വലിച്ചിഴയ്‌ക്കേണ്ടെന്നും എല്ലാ പരിധിയും വിട്ടുള്ള ഒരു നടപടിയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സ്പീക്കര്‍ സംരക്ഷിക്കണമെന്നും അടിയന്തര പ്രമേയ നോട്ടീസിലെ വിഷയത്തോട് അനുബന്ധിച്ചാണ് ഗീത ഗോപിനാഥിന്റെ പിതാവിനെ കുറിച്ച് പരാമര്‍ശിക്കേണ്ടിവന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ചെയറിനെ സമ്മര്‍ദത്തിലാക്കാന്‍ നോക്കേണ്ടെന്ന് സ്പീക്കറും പറഞ്ഞു.
Next Story

RELATED STORIES

Share it