World

സഭയിലെ ലൈംഗിക പീഡനം: അറിയിക്കില്ലെന്ന് ബിഷപ്പുമാര്‍

കാന്‍ബറ: കാത്തലിക് സഭയിലെ ലൈംഗിക ചൂഷണ അഴിമതി വിവാദമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ റോയല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് മറുപടിയുമായി ആസ്‌ത്രേലിയന്‍ ബിഷപ്പുമാരുടെ സമിതി. സഭയുടെ ലജ്ജാകരമായ ചരിത്രം ആവര്‍ത്തിക്കരുതെന്നും കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെട്ടതില്‍ ആഴമായ ദുഃഖം രേഖപ്പെടുത്തുന്നെന്നും തുടങ്ങുന്ന വാര്‍ത്താക്കുറിപ്പ് വെള്ളിയാഴ്ച രാവിലെയാണ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. കുമ്പസാര സമയങ്ങളില്‍ വ്യക്തമാക്കുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അറിയിക്കുന്നതിനു നിയമപരമായി പുരോഹിതരെ ബാധ്യതപ്പെടുത്തുന്ന നിര്‍ദേശം അംഗീകരിച്ചിട്ടില്ല. കാത്തലിക്കാ സഭയ്ക്കുള്ളില്‍ മാറ്റങ്ങള്‍ വരുത്തുന്നതുമായി ബന്ധപ്പെട്ട് 26 നിര്‍ദേശങ്ങളാണ് റോയല്‍ കമ്മീഷന്‍ സമര്‍പ്പിച്ചത്. ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന 98 ശതമാനം കാര്യങ്ങളും അംഗീകരിക്കുന്നതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ആസ്‌ത്രേലിയന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് (എസിബിസി) പ്രസിഡന്റ് ആര്‍ച്ച് ബിഷപ് മാര്‍ക്ക് കോളറിഡ്ജ്, സിസ്റ്റര്‍ മോണിക്ക കവാനോ തുടങ്ങിയവരാണ് പത്രക്കുറിപ്പ് നല്‍കിയത്. ലൈംഗികാരോപണം നേരിട്ട വാഷിങ്ടണ്‍ മുന്‍ കര്‍ദിനാള്‍ തിയോഡര്‍ മക്കാരിക്കിനെ സംരക്ഷിച്ചെന്ന ആരോപണത്തില്‍ മാര്‍പാപ്പയുടെ രാജി ആവശ്യം സഭയ്ക്കുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നിട്ടുണ്ട്. മക്കാരിക്കി സെമിനാരി അംഗങ്ങളെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അഞ്ചു വര്‍ഷം മുമ്പു തന്നെ മാര്‍പാപ്പയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നാണ് ആര്‍ച്ച് ബിഷപ് കാര്‍ലോ മരിയ വിഗാനോയുടെ കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍, വര്‍ഷങ്ങളോളം നടപടിയുണ്ടായില്ല.

Next Story

RELATED STORIES

Share it