സഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി

തിരുവനന്തപുരം: നിയമസഭയിലെ ബജറ്റ് കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറി. കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന്  പ്രോസിക്യൂഷന്‍ വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരന്‍, സാമൂഹിക പ്രവര്‍ത്തകനായ എം ടി തോമസ് എന്നിവര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ തടസ്സ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷക കോടതിയെ അറിയിച്ചു. ഇതോടെ തടസ്സ ഹരജി കോടതി നിരസിച്ചു. പിന്നാലെ,  കേസിലെ പ്രതികളായ ആറ് എല്‍ഡിഎഫ് എംഎല്‍എമാരെയും ഏപ്രില്‍ 21നു ഹാജരാക്കാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശം നല്‍കി.
കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച കേസില്‍ കോടതി സര്‍ക്കാര്‍വിരുദ്ധമായ നിലപാടിലേക്ക് പോയാല്‍ അത് നാണക്കേടാവുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റം. കഴിഞ്ഞ 9നാണ് കേസ് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. പ്രതികളിലൊരാളായ വി ശിവന്‍കുട്ടിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി.
Next Story

RELATED STORIES

Share it