'സഭകളില്‍ പ്രാതിനിധ്യമില്ലാതെ എന്ത് സ്ത്രീശാക്തീകരണം'

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും നിയമസഭകളിലും മതിയായ സ്ത്രീസംവരണമില്ലാതെ എങ്ങനെ വനിതാശാക്തീകരണം സാധ്യമാവുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാന്‍ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. വനിതാപ്രതിനിധികളുടെ ആദ്യ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
പാര്‍ലമെന്റില്‍ 12 ശതമാനത്തിലധികം വനിതാ പ്രാതിനിധ്യമില്ല. വനിതാസംവരണ ബില്ല് ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാസായെങ്കിലും രാജ്യസഭയില്‍ അതുസംഭവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാസംവരണ ബില്ല് പാര്‍ലമെന്റ് പാസാക്കുന്നതുവരെ സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ആവശ്യപ്പെട്ടു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ 146 സ്ത്രീകള്‍ മാത്രമാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇത് ആകെ സ്ഥാനാര്‍ഥികളുടെ 9.17 ശതമാനം മാത്രമാണ്. അതേസമയം, വോട്ടര്‍മാരുടെ 47 ശതമാനവും സ്ത്രീകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളായുള്ള സ്ത്രീകള്‍ക്ക് കൂടുതല്‍ മികച്ച ഭരണം കാഴ്ചവയ്ക്കാനാവുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതിനാല്‍ സ്ത്രീസംവരണം രാഷ്ട്ര പുരോഗതിക്ക് അനിവാര്യമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
Next Story

RELATED STORIES

Share it