Idukki local

സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നു

തൊടുപുഴ: വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നതായി പരാതി. തൊടുപുഴയിലേക്ക് മാറ്റം കിട്ടിയ സബ് രജിസ്ട്രാറാകട്ടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ മൂന്നു ദിവസം മാത്രമാണ് ഓഫിസില്‍ എത്തിയിട്ടുള്ളത്. പകരം ആളെ നിയമിക്കാനോ കാലതാമസം ഒഴിവാക്കുവാനോ ബന്ധപ്പെട്ട അധികാരികള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. എല്ലാം ഓണ്‍ലൈനായശേഷം അപേക്ഷിച്ചാല്‍ അന്നുതന്നെ ലഭ്യമാകുമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ള ബാദ്ധ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഒരു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. രജിസ്റ്റര്‍ ചെയ്യുന്ന ആധാരങ്ങള്‍ തിരിച്ചു കിട്ടാത്തതതിനാല്‍ പലര്‍ക്കും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്. രജിസ്റ്റര്‍ ചെയ്ത് അന്നുവൈകിട്ട് തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ആധാരങ്ങള്‍ തിരികെ നല്‍കണമെന്നാണ് നിയമം. 15  ദിവസത്തിനകം ആധാരം തിരികെ വാങ്ങിയില്ലങ്കില്‍ പിഴ ഈടാക്കാമെന്നിരിക്കെ തൊടുപുഴ രജിസ്ട്രാര്‍ ഓഫീസില്‍ ഒരുമാസം കഴിഞ്ഞ ആധാരങ്ങള്‍ പോലും തിരികെ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആധാരങ്ങള്‍ യഥാസമയം തിരികെ ലഭിക്കാത്തതുമൂലം വില്ലേജില്‍ പോക്കുവരവ് ചെയ്യുന്നതിനോ പേരില്‍ കൂട്ടുന്നതിനോ ആളുകള്‍ക്ക് സാധിക്കുന്നില്ല. അത്യാവശ്യ കാര്യങ്ങള്‍ക്ക് വായ്പ എടുക്കേണ്ട ആളുകള്‍ ഇതു മൂലം കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്. തൊടുപുഴ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ജീവനക്കാരില്‍ സബ് രജിസ്ട്രാറുടെ ചാര്‍ജ് വഹിക്കുന്ന ഹെഡ് ക്ലാര്‍ക്ക് ഒഴികെ ബാക്കിയുള്ള ജീവനക്കാരെല്ലാം സ്ത്രീകളാണ്. ഇവരില്‍ തന്നെ ഒരാള്‍ മാത്രമെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുള്ളൂ എന്ന ആക്ഷേപവും ഉണ്ട്. സബ് രജിസ്ട്രാറുടേയും ഹെഡ്ക്ലാര്‍ക്കിന്റേയും ജോലികള്‍ ഒരാള്‍ തന്നെയാണ് നിര്‍വഹിക്കുന്നത്. ഒരോരോ കാര്യങ്ങള്‍ക്ക് എത്തുന്നവരും ആധാരം എഴുത്തുകാരുടെ സംഘടയുമെല്ലാം പലവട്ടം ജില്ലാ രജിസ്ട്രാറെ കണ്ട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. നിലവിലുള്ള ഓഫീസ് പൊളിച്ച് പുനര്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി അടുത്ത ആഴ്ച ഓഫീസ് ഇവിടുന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതുകൂടി ആകുമ്പോഴേക്കും ഇപ്പോഴുള്ള കാലതാമസം ഇരട്ടിയിലധികം വര്‍ദ്ധിക്കാനാണ് സാധ്യത. നിലവിലുള്ള നാമമാത്രമായ ജീവനക്കാരില്‍ ഒരാളെ കാരിക്കോടിന് മാറ്റിയെങ്കിലും പകരം ആളെ നിയമിച്ചിട്ടില്ല. ജില്ലാ രജിസ്ട്രാര്‍ ഓഫിസിലെ ചില സംഘടനാ നേതാക്കളുടെ രാഷ്ട്രീയ കളികളും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതായും ആക്ഷേപം ഉണ്ട്. നിയമനങ്ങള്‍ നടക്കാത്തതിനും നിയമനം ലഭിച്ചവര്‍ വരാത്തതിനും ചിലരെ പിടിച്ചു നിര്‍ത്തിയിരിക്കുന്നതും പിന്നിലെല്ലാം ഈ രാഷ്ട്രീയ കളികളാണന്നും പറയപ്പെടുന്നു.
Next Story

RELATED STORIES

Share it