wayanad local

സബ്‌സിഡി രാസവള വിതരണം പുനരാരംഭിച്ചു

മാനന്തവാടി: കഴിഞ്ഞ അഞ്ചുദിവസമായി മുടങ്ങിയിരുന്ന സര്‍ക്കാര്‍ സബ്‌സിഡി രാസവളങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച് വില്‍പന പുനരാരംഭിച്ചു. ഇന്നലെ മുതലാണ് ജില്ലയില്‍ പോയിന്റ് ഓഫ് സെയില്‍ മെഷീന്‍ (പിഒഎസ്) സ്ഥാപിച്ച കടകളിലൂടെ ഇത്തരത്തില്‍ വില്‍പന തുടങ്ങിയത്. എന്നാല്‍, ജില്ലയിലെ പ്രത്യേക സാഹചര്യത്തില്‍ പുതിയ നീക്കം കര്‍ഷകര്‍ക്കു തിരിച്ചടിയാവുമെന്ന് ആശങ്കയുമുണ്ട്. സര്‍ക്കാര്‍ സബിസിഡി നല്‍കിവന്നിരുന്ന യൂറിയ, പൊട്ടാഷ്, ഫാക്ടംഫോസ്, എല്ലുപൊടി, അമോണിയം ഫോസ്‌ഫേറ്റ് ജൈവകര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന വേപ്പിന്‍ പിണ്ണാക്ക് തുടങ്ങിയവയ്ക്കാണ് ജനുവരി ഒന്നുമുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനായി മാസങ്ങള്‍ക്കു മുമ്പുതന്നെ അംഗീകൃത വളക്കടയുടമകള്‍ക്ക് മാര്‍ഗനിര്‍ദേശവും നല്‍കിയിരുന്നു. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന സബ്‌സിഡി വന്‍കിട ഫാക്ടറികളും വ്യവസായശാലകളും ദുരുപയോഗം ചെയ്യുന്നതായി ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ജില്ലയിലെ കടകളില്‍ നിലവിലുണ്ടായിരുന്ന സബ്‌സിഡി വളങ്ങളുടെ സ്‌റ്റോക്കെടുത്ത ശേഷം 23നു വില്‍പന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. ഇതോടെ വാഴകര്‍ഷകരും പച്ചക്കറി കര്‍ഷകരും ആവശ്യത്തിനു വളം ലഭിക്കാതെ പ്രതിസന്ധിയിലാവുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെ ഫെര്‍ട്ടിലൈസിങ് മോണിറ്ററിങ് കമ്മിറ്റി കടക്കാര്‍ക്ക് പോയിന്റ് ഓഫ് സെയില്‍ മെഷീനുകളില്‍ കടയിലുള്ള സ്‌റ്റോക്കുകള്‍ രേഖപ്പെടുത്തുകയും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് ഇന്നലെ വില്‍പന പുനരാരംഭിച്ചത്. എന്നാല്‍, ഇന്റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാവാത്തതും മെഷീനുകള്‍ ലഭിക്കാത്തതുമായ കടകളില്‍ ഇപ്പോഴും വില്‍പന പുനരാരംഭിച്ചിട്ടില്ല. ആധാര്‍ നല്‍കി മെഷീനുകളില്‍ കൈവിരല്‍ സ്‌കാന്‍ ചെയ്ത ശേഷമാണ് കടക്കാര്‍ വളങ്ങള്‍ നല്‍കുന്നത്. സബ്‌സിഡി കഴിച്ചുള്ള തുക നല്‍കിയാല്‍ മാര്‍ച്ച് 31 വരെ വളം നല്‍കും. ഏപ്രില്‍ ഒന്നുമുതല്‍ മുഴുവന്‍ തുകയും നല്‍കി വളം വാങ്ങിയ ശേഷം സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലേക്ക് വരവ് വയ്ക്കുന്ന രീതിയിലാവും. ഇതോടെ ചെറുകിട കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരും സബ്‌സിഡി തുകക്കായി ബാങ്കുകള്‍ കയറിയിറങ്ങേണ്ടി വരികയും ഭൂമിയില്ലാത്തവര്‍ക്ക് സബ്‌സിഡി ലഭിക്കാത്ത സാഹചര്യവും വരുമെന്നാണ് ആശങ്ക. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചെലവുള്ള യൂറിയക്ക് സബ്‌സിഡിയില്ലാതെ 1,600 രൂപ നല്‍കിയാലേ ലഭിക്കുകയുള്ളൂ. ഇപ്പോള്‍ ഇതു സബ്‌സിഡി കഴിച്ച് 295 രൂപയ്ക്കാണ് കര്‍ഷകര്‍ക്കു ലഭിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം, വരള്‍ച്ച, വിലത്തകര്‍ച്ച, വന്യമൃഗശല്യം എന്നിവയാല്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുമ്പോള്‍ സബ്‌സിഡി ലഭിക്കാന്‍ പുതിയ വ്യവസ്ഥ കൊണ്ടുവന്നത് തിരിച്ചടിയാവുമെന്നാണ് പരാതി.
Next Story

RELATED STORIES

Share it