Editorial

സബ്‌സിഡി എടുത്തുകളയുന്ന നീക്കത്തിന്റെ ഭാഗം

പാചകവാതകത്തിനു നല്‍കിക്കൊണ്ടിരുന്ന ഇളവുകള്‍ ഓരോന്നായി വെട്ടിച്ചുരുക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വലതുപക്ഷ സാമ്പത്തിക വികസനത്തിന്റെ വഴിയില്‍ സഞ്ചരിക്കുകയാണ്. 10 ലക്ഷം രൂപ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പാചകവാതകത്തിനു സബ്‌സിഡി നല്‍കുന്നത് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ജനുവരി മുതല്‍ നിര്‍ത്തലാക്കുകയാണ്. പ്രത്യക്ഷത്തില്‍ ധനികര്‍ക്കെന്തിനു സബ്‌സിഡി എന്ന ചോദ്യം ഉയരുമെങ്കിലും നീതി ആയോഗില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍നോക്കികളായ സാമ്പത്തിക വിദഗ്ധര്‍ എല്ലാ തരം സബ്‌സിഡികളും അവസാനിപ്പിക്കണമെന്നു വാദിക്കുന്നവരായതിനാല്‍ ഇത്തരം നടപടികളില്‍ ഒളിച്ചിരിക്കുന്ന ദുരുദ്ദേശ്യം വളരെ വേഗം മനസ്സിലാക്കാന്‍ കഴിയും. സബ്‌സിഡിയുടെ ആനുകൂല്യം സമ്പന്നര്‍ തട്ടിയെടുക്കുന്നു എന്ന പ്രചാരണത്തിന്റെ പശ്ചാത്തലം ഇത്തരം തീരുമാനങ്ങള്‍ക്കുണ്ട്. അങ്ങനെ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെങ്കില്‍ അതു തടയേണ്ട ബാധ്യതയാണ് ഭരണകൂടത്തിനുള്ളത്.
നരസിംഹറാവുവും മന്‍മോഹന്‍സിങും നടപ്പാക്കിക്കൊണ്ടിരുന്ന നവലിബറല്‍ സാമ്പത്തിക നയത്തിന്റെ തുടര്‍ച്ച തന്നെയാണിത്. അന്നൊക്കെ ബിജെപിയും സഖ്യകക്ഷികളും ആ നയത്തെ എതിര്‍ത്തിരുന്നുവെങ്കിലും അടിസ്ഥാനപരമായി ഇരുകൂട്ടരും ഒരേ നിലപാടു തന്നെയാണ് പുലര്‍ത്തിയിരുന്നതെന്നു വ്യക്തം.
പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില കൂടുമ്പോള്‍ അതിനനുസരിച്ച് എണ്ണയ്ക്കും പ്രകൃതിവാതകത്തിനും വില കൂടുകയും കുറയുമ്പോള്‍ അതു തങ്ങളുടെ ഭരണത്തിന്റെ കണക്കില്‍ എഴുതുകയും ചെയ്യുന്ന നയമാണ് മോദി അധികാരത്തില്‍ വന്ന ശേഷം തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കമ്പോളം ഇന്ധനവില നിശ്ചയിക്കട്ടെ എന്നു പറഞ്ഞു പിന്മാറിയ സര്‍ക്കാര്‍ ഇന്ധനവില കുറച്ചില്ലെന്നു മാത്രമല്ല, എക്‌സൈസ് തീരുവ പല പ്രാവശ്യം വര്‍ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സിലിണ്ടറുകളുടെ എണ്ണം പരിമിതപ്പെടുത്തിയത് സബ്‌സിഡിക്കെതിരേയുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് വിലയിളവ് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ വരവു വയ്ക്കുമെന്നു പറഞ്ഞതും പരോക്ഷമായി സബ്‌സിഡി തട്ടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്നാണ് വിലയിരുത്തല്‍.
ഇതിനകം തന്നെ പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്നുതന്നെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിഞ്ഞിട്ടുണ്ട്. അതിനനുസൃതമായി സംസ്ഥാന ഗവണ്‍മെന്റുകളും ദരിദ്രര്‍ക്കു ഗുണം ചെയ്യുന്ന പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. 10 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് പാചകവാതക സൗജന്യം നിഷേധിച്ച സര്‍ക്കാര്‍ വളരെ വൈകാതെത്തന്നെ മറ്റുള്ളവരെയും പിടികൂടാന്‍ മുന്നോട്ടുവരും. അരവിന്ദ് പാനഗാരിയയും സംഘവും കേന്ദ്ര ആസൂത്രണ ബോര്‍ഡ് പിരിച്ചുവിട്ട് നീതി ആയോഗ് എന്ന വിചിത്രനാമമുള്ള മറ്റൊരു സംവിധാനം ഉണ്ടാക്കിയപ്പോള്‍ തന്നെ പ്രതിശീര്‍ഷ വരുമാനമെന്ന തെറ്റായ കണക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമുള്ള വികസനമാണ് എന്‍ഡിഎ ഭരണകൂടം ലക്ഷ്യമാക്കുന്നതെന്നു വ്യക്തമായിരുന്നു. ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.
Next Story

RELATED STORIES

Share it