സബ്‌സിഡിയില്ലാത്ത ഹജ്ജ് ടെന്‍ഡര്‍: പണം കൊയ്യാന്‍ വിമാന കമ്പനികള്‍

കരിപ്പൂര്‍: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകളില്‍ പണം കൊയ്യാന്‍ വിമാന കമ്പനികള്‍ രംഗത്ത്. 2018 ഹജ്ജ് സീസണില്‍ ഇന്ത്യ-സൗദി വിമാന കമ്പനികള്‍ക്ക് മാത്രം വിമാന സര്‍വീസ് നടത്താന്‍ അവസരം നല്‍കിയാണ് വ്യോമയാന മന്ത്രാലയം ഹജ്ജ് ടെന്‍ഡര്‍ ക്ഷണിച്ചത്. ഹജ്ജ് സീസണ്‍ കണക്കിലെടുത്ത് വിമാന കമ്പനികള്‍ നിലവിലെ നിരക്കിന്റെ ഇരട്ടിയിലേറെ രൂപയാണ് ഹജ്ജിനു മാത്രം വിമാന ടിക്കറ്റ് ഈടാക്കുക. ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയതിനാല്‍ വിമാന ടിക്കറ്റ് നിരക്കിന്റെ മുഴുവന്‍ തുകയും ഓരോ തീര്‍ത്ഥാടകനും നല്‍കേണ്ടിവരും. കഴിഞ്ഞ വര്‍ഷം എയര്‍പോര്‍ട്ട് നിരക്ക് അടക്കം നെടുമ്പാശ്ശേരിയില്‍ നിന്ന് 72,000 രൂപയായിരുന്നു ഹജ്ജിന് ഈടാക്കിയിരുന്നത്. എന്നാല്‍, ഇതില്‍ 10,500 രൂപ സബ്‌സിഡി ലഭിച്ചിരുന്നു. ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുകയാണ്. മുന്‍വര്‍ഷത്തേക്കാള്‍ വിമാന ടിക്കറ്റ് നിരക്കില്‍ ഈ വര്‍ഷം വര്‍ധനയുണ്ടാകും. ഹജ്ജ് ടെന്‍ഡറില്‍ സൗദി, ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കില്‍ നിന്നു രക്ഷപ്പെടാനായി കേന്ദ്രം കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനമായിട്ടില്ല. എയര്‍ഇന്ത്യ, ജെറ്റ് എയര്‍വെയ്‌സ്, സൗദി എയര്‍ലൈന്‍സ്, നാസ് എയര്‍, സ്‌പെയ്‌നാസ് തുടങ്ങിയവയാണ് ഈ വര്‍ഷം ഹജ്ജ് ടെന്‍ഡര്‍ നല്‍കാനിരിക്കുന്നത്. ടെന്‍ഡര്‍ നല്‍കുന്ന വിമാന കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളാണ് വ്യോമയാന മന്ത്രാലയം നല്‍കിയിട്ടുള്ളത്. 20 വര്‍ഷത്തിലധികം കാലപ്പഴക്കം ചെന്ന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല, ഒരു എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് നാലു മണിക്കൂര്‍ ഇടവിട്ട് നാലു സര്‍വീസ് വരെ നടത്താം, ഹജ്ജ് തീര്‍ത്ഥാടകരുടെ അഞ്ചു ലിറ്റര്‍ സംസം വെള്ളം വിമാന കമ്പനി എത്തിക്കണം, ഹാന്‍ഡ് ബാഗ് 10 കിലോയും ലഗേജ് 45 കിലോയും അനുവദിക്കണം, മികച്ച ഭക്ഷണവും സൗകര്യവും നല്‍കണം തുടങ്ങിയവ പാലിക്കണമെന്നാണ്  നിര്‍ദേശം.
Next Story

RELATED STORIES

Share it