സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. പുതിയ വില ഇന്നലെ മുതല്‍ നിലവില്‍ വന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം സിലിണ്ടറുകള്‍ക്ക് ഡല്‍ഹിയില്‍ 49.50 രൂപ വര്‍ധിക്കും.
ഇതോടെ ഒരു സിലിണ്ടറിന് ഇനി 657.50 രൂപ നല്‍കേണ്ടിവരും. നേരത്തേ ഇത് 608 രൂപയായിരുന്നു. സംസ്ഥാന നികുതിയുടെ തോതനുസരിച്ച് വിവിധ നഗരങ്ങളില്‍ വിലയില്‍ ഏറ്റക്കുറച്ചിലുണ്ടാവും. കൊല്‍ക്കത്തയില്‍ 686.50, മുംബൈയില്‍ 671, ചെന്നൈയില്‍ 671.50 എന്ന തോതില്‍ വ്യത്യാസമുണ്ടാവും.
രണ്ടു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സബ്‌സിഡിയില്ലാത്ത സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കുന്നത്. ഡിസംബറില്‍ ഗാര്‍ഹിക ഉപയോഗത്തിനുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 61.50 രൂപ വര്‍ധിപ്പിച്ചിരുന്നു. വിലവര്‍ധനയിലൂടെ സര്‍ക്കാരിനു 500 കോടി രൂപയോളം മിച്ചംവയ്ക്കാനാവുമെന്നാണ് കരുതുന്നത്. സബ്‌സിഡിയോടു കൂടിയ സിലിണ്ടറിനു നിലവില്‍ ഡല്‍ഹിയില്‍ 419 രൂപയാണ്.
വീട്ടുപയോഗത്തിനല്ലാത്ത 19.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറുകള്‍ക്ക് 72 രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ തുടക്കത്തില്‍ ഡല്‍ഹിയില്‍ സിലിണ്ടര്‍ ഒന്നിന് 1108 രൂപയായിരുന്നത് ഇനി ഡല്‍ഹിയില്‍ 1180 രൂപയായി വര്‍ധിക്കും. അതേസമയം, വിമാന ഇന്ധനവിലയില്‍ 10 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഡല്‍ഹിയില്‍ കിലോലിറ്ററിനു 44,320.32 രൂപയായിരുന്ന ജെറ്റ് ഇന്ധനവില ഇന്നലെ 39,892.32 ആയി കുറച്ചിട്ടുണ്ട്.
റേഷന്‍ കട വഴിയല്ലാതെ വിതരണം ചെയ്യുന്ന സബിസിഡി ഇല്ലാത്ത മണ്ണെണ്ണയുടെ വിലയും കുറച്ചിട്ടുണ്ട്. ലിറ്ററിന് ഒരു രൂപയാണ് കുറച്ചത്. 10 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനി പാചകവാതക സബ്‌സിഡി ലഭിക്കില്ല. ഇതും ഇന്നലെ മുതല്‍ പ്രാബല്യത്തിലായി.
Next Story

RELATED STORIES

Share it