thrissur local

സബ്ട്രഷറിയിലേക്കുള്ള പാത മഴക്കാലത്ത് വെള്ളത്തില്‍ മുങ്ങുന്നു

മാള: മാളച്ചാലിനോടു ചേര്‍ന്ന് നിര്‍മ്മിച്ച സബ്ട്രഷറിയിലേക്കുള്ള പാത മഴ പെയ്തു തുടങ്ങിയാല്‍ വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയില്‍ തുടരുന്നു. മഴ കനത്ത് പെയ്താല്‍ പാതയും ട്രഷറി കെട്ടിടം തന്നെയും വെള്ളത്തില്‍ മുങ്ങുന്നതോടെ പെന്‍ഷന്‍കാരും വെള്ളത്തില്‍ മുങ്ങി പോകേണ്ടിവരും പെന്‍ഷന്‍ കൈപ്പറ്റാന്‍.
അല്‍പനേരം മഴപെയ്താല്‍ പോലും കെട്ടിടത്തിനുചുറ്റും വെള്ളം പൊങ്ങുമെന്ന് അധികൃതരും പെന്‍ഷനേഴ്‌സും പറയുന്നു. ടൈല്‍സ് വിരിച്ച നടപ്പാതയാണ് ആദ്യം വെള്ളത്തില്‍ മുങ്ങുന്നത്.
ഇതുമൂലം പെന്‍ഷന്‍ ഉള്‍പ്പടെ സാമ്പത്തിക ഇടപാടിനെത്തുന്നവര്‍ ഏറെ ബുദ്ധിമുട്ടിയാണ് കെട്ടിടത്തിലേക്ക് കയറുന്നത്. കാല്‍നൂറ്റാണ്ടുകാലം അന്നമനടയില്‍ പ്രവര്‍ത്തിച്ചിരുന്ന സബ്ട്രഷറി വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടങ്ങ ള്‍ക്ക് ഒടുവിലാണ് മാളയിലേക്ക് മാറ്റിയത്. തട്ടകത്ത് ജോസഫ് എന്നയാള്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
മേഖലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ മാളച്ചാലിന്റെ വെള്ളക്കെട്ടുപ്രദേശത്താണ് കെട്ടിടനിര്‍മാണം നടക്കുന്നതെന്നാരോപിച്ച പ്രമുഖ രാഷ്ട്രീയകക്ഷികളും പരിസ്ഥിതി സംഘടനകളുമെല്ലാം രംഗത്തുവന്നിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമാണ് ഇവിടേയ്ക്ക് ട്രഷറി പ്രവര്‍ത്തനം മാറ്റിയത്. മഴ കനത്താല്‍ ഈ പ്രദേശമാകെ വെള്ളത്തില്‍മുങ്ങുക പതിവാണ്.
ചാലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോലും നടക്കുന്നുണ്ട്. സമീപത്തെ അനധികൃത മല്‍സ്യ-മാംസ വില്‍പനശാലകളില്‍ നിന്നുള്ള മാലിന്യം ഈ വെള്ളത്തിലൂടെ ഒലിച്ച് പലയിടങ്ങില്‍ വ്യാപിക്കുന്നതായും പരാതിയുണ്ട്.
കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ചീപ്പ്(ബണ്ട്) തുറന്ന് വെള്ളം കളയലാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ ഇത് പൂര്‍ണ്ണമായും തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാക്കുക പതിവാണ്. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നാണ് പെന്‍ഷന്‍കാരില്‍ നിന്നും നാട്ടുകാരില്‍ നിന്നുമടക്കം ഉയരുന്ന ആവശ്യം.
Next Story

RELATED STORIES

Share it