Flash News

സഫീറിന്റെ വീട്ടിലും മുഖ്യമന്ത്രി സന്ദര്‍ശിച്ചു

പാലക്കാട്: കൊല്ലപ്പെട്ട എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ യാത്രാ പരിപാടിയില്‍ സഫീറിന്റെ വീട് സന്ദര്‍ശിക്കുന്ന വിവരമുണ്ടായിരുന്നില്ല. മുക്കാലിയിലെ ഉദ്യോഗസ്ഥതല യോഗത്തിനു ശേഷം സിപിഐ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനായി മലപ്പുറത്തേക്കു പോവുന്ന വഴി മുഖ്യമന്ത്രി സഫീറിന്റെ പിതാവിനെ സന്ദര്‍ശിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം ലീഗിനെയും സിപിഐയെയും ഒരുപോലെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയായ കണ്ണൂരില്‍ ശുഹൈബ് വധമടക്കം നിരവധി രാഷ്ട്രീയ കൊലപാതകങ്ങളും ആക്രമണങ്ങളും ഈയടുത്തു നടന്നിട്ടുണ്ട്. ഇവിടെയൊന്നും സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി, സഫീറിന്റെ വീട്ടിലെത്തിയത് ശ്രദ്ധേയമായി.
അന്വേഷണം ശരിയായ രീതിയില്‍ തന്നെ നടത്തുമെന്നും കൊലപാതകത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും സഫീറിന്റെ പിതാവിനു മുഖ്യമന്ത്രി ഉറപ്പുനല്‍കി. എംഎല്‍എമാരായ പി കെ ശശി, എന്‍ ഷംസുദ്ദീന്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
സഫീറിന്റെ കൊലപാതകത്തില്‍ പിടിയിലായവര്‍ സിപിഐ ബന്ധമുള്ളവരാണ്. കഴിഞ്ഞ ദിവസം പി കെ ശശി എംഎല്‍എ സഫീറിന്റെ വീട്ടിലെത്തിയിരുന്നു. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പോലിസിനെതിരേ പരാതിയുണ്ടെന്നും ഇതൊക്കെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പി കെ ശശി പറഞ്ഞിരുന്നു.
മണ്ണാര്‍ക്കാട് മേഖലയില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ രാഷ്ട്രീയ പോര് നിലനില്‍ക്കുന്നുണ്ട്. ഇരു പാര്‍ട്ടികളും പാലക്കാട് ജില്ലാസമ്മേളനം നടത്തിയതും മണ്ണാര്‍ക്കാടാണ്. ലീഗിനേക്കാള്‍, തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗിയായി സിപിഎം ഇവിടെ കാണുന്നത് സിപിഐയെയാണ്. സിപിഐ ജില്ലാ സെക്രട്ടറി പി സുരേഷ് രാജും പി കെ ശശി എംഎല്‍എയും നേരത്തെ നേരിട്ട് വാക്‌പോര് നടത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it