malappuram local

സഫലമീയാത്ര പദ്ധതിക്ക് തുടക്കം : പൊന്നാനിയിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം



പൊന്നാനി:  ഗതാഗത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഫലമീയാത്ര പദ്ധതി പൊന്നാനിയില്‍ തുടക്കമാവുന്നു. പോലിസ് വകുപ്പുമായി ചേര്‍ന്നാണ് നഗരസഭ പദ്ധതി ആരംഭിക്കുന്നത്. ദേശീയപാത, പിഡബ്ല്യുഡി, റവന്യു വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം പൊന്നാനിയിലെ തിരക്കേറിയ ഇടങ്ങളായ ചമ്രവട്ടം ജങ്ഷന്‍, കുണ്ടുകടവ് ജങ്്ഷന്‍, ആനപ്പടി ജങ്ഷന്‍ എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞ ദിവസം പൊന്നാനി നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് ക്രമീകരണ സമിതിയിലാണ്  തീരുമാനമായത്. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ കര്‍ശനമായി വണ്‍വേ ട്രാഫിക് സമ്പ്രദായം പാലിക്കുന്നതിന് പോലിസ് നിരീക്ഷണം ഏര്‍പ്പടുത്താന്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ തിരക്കുള്ള പ്രധാന ഇടങ്ങളിലും സ്‌കൂള്‍ പ്രദേശങ്ങളിലും ട്രാഫിക് വാര്‍ഡന്‍മാരെ നിയമിക്കും. ട്രാഫിക് നിയമ ലംഘനങ്ങള്‍ ഏറുന്ന സാഹചര്യത്തില്‍ ചമ്രവട്ടം ജങ്ഷനിലെ നിരീക്ഷണ കാമറകള്‍ വിപുലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ഓട്ടോ, ടാക്‌സി, ഗുഡ്‌സ് ഓട്ടോ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏരിയ ഏര്‍പ്പെടുത്തും. കുറ്റിപ്പുറം-പുതു പൊന്നാനി ബൈപാസ് റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോക്കറ്റു റോഡുകള്‍ക്ക് മുന്നില്‍ ഹംപ് സ്ഥാപിക്കാനും തീരുമാനമായി. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. അസി. എന്‍ജിനീയര്‍ (റോഡ്‌സ് ), ടി വി ബബിത, എന്‍എച്ച് പ്രതിനിധി എം എസ് സുരാജ്, പൊന്നാനി എസ്‌ഐ കെ പി വാസു, സിഐ  പ്രതിനിധി എം വി വാസുണ്ണി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രമോദ് പി നസവാസ്, എഎംവിഐ വി പി ശ്രീജേഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it