Kottayam Local

സപ്ലൈക്കോയുടെ വ്യവസ്ഥകള്‍ നെല്ലു സംഭരണത്തെ അവതാളത്തിലാക്കുന്നു



വൈക്കം: 1000 നെല്‍മണിക്ക് 26 ഗ്രാം തൂക്കം വേണമെന്ന സപ്ലൈക്കോയുടെ നിബന്ധന നെല്ലുസംഭരണത്തെ അവതാളത്തിലാക്കുന്നു. വിരിപ്പുകൃഷിയുടെ നെല്ല് സംഭരണം സുഗമമായി നടന്നുവരവേയാണ് സപ്ലൈക്കോ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. കൃഷി ഓഫിസറും പഞ്ചായത്ത് പ്രസിഡന്റും മില്ലുടമകളും അടങ്ങുന്ന സമിതി 1000 നെല്‍മണികള്‍ തൂക്കുമ്പോള്‍ 26 ഗ്രാം കിട്ടണമെന്ന വ്യവസ്ഥ കൊണ്ടുവന്നത് സംഭരണത്തെ അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. കുട്ടനാട്ടിലും പാലക്കാട്ടും വിളയുന്ന നെല്ലിന് ഇതുലഭിക്കുമെങ്കിലും വൈക്കം താലൂക്കിലെ കരിനിലങ്ങളില്‍ വിളയുന്ന നെല്ലിന് 26 ഗ്രാം തൂക്കം ലഭിക്കില്ല. ഇവിടുത്തെ നെല്ലിന് പരമാവധി 22 ഗ്രാം തൂക്കമാണ് ലഭിക്കുന്നത്. കുറവുവരുന്ന ഓരോ പോയിന്റിനും നാലു കിലോയാണ് സപ്ലൈക്കോ കിഴിവ് നിശ്ചയിച്ചിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ഒരു ക്വിന്റല്‍ നെല്ലിന് 16 കിലോ കിഴിവ് ഉണ്ടാകും. ഇത് സപ്ലൈക്കോ ഉദ്യോഗസ്ഥരും മില്ലുടമകളും കര്‍ഷകരെ ചൂഷണം ചെയ്യുന്നതിന് ഉണ്ടാക്കിയ ഉത്തരവാണെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കാലാവസ്ഥ അനുകൂലമായത് കര്‍ഷകര്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. എന്നാല്‍ നെല്ലിന് മതിയായ വില ലഭിക്കാത്തതും ഇടനിലക്കാരുടെ ചൂഷണവുമാണ് നേട്ടങ്ങള്‍ക്കിടയിലും കര്‍ഷകരെ ബലിയാടാക്കുന്നത്. ഇവിടെ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കേണ്ട സപ്ലൈക്കോയുടെ നടപടിയാണ് പ്രദേശത്തെ കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ താലൂക്കിലെ കര്‍ഷകരെ ചൂഷണം ചെയ്യുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ അയ്മനം, ആര്‍പ്പുക്കര, കുമരകം, വെച്ചൂര്‍, തലയാഴം, കല്ലറ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒരു വനിതാ പാഡി ഓഫിസറാണു നിലവിലുള്ളത്. ഒരു പഞ്ചായത്തില്‍ ഒരു പാഡി ഓഫിസറെ വീതം നിയമിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ ഇഴഞ്ഞുനീങ്ങുന്ന പരിശോധനയ്ക്കു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ഇതിനാവശ്യമായ നടപടി സപ്ലൈക്കോ സ്വീകരിക്കണമെന്ന് കിസാന്‍സഭ മണ്ഡലം സെക്രട്ടറി കെ കെ ചന്ദ്രബാബു ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it