സപ്ലൈകോ വില കൂട്ടി; പ്രതിഷേധം ഭയന്ന് ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: സബ്‌സിഡിയില്ലാത്ത നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ത്തി സപ്ലൈകോയുടെ ഉത്തരവ്. അരിവില കൂട്ടരുതെന്ന് സര്‍ക്കാര്‍ വ്യാപാരികളോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് സ പ്ലൈകോയില്‍ വില വര്‍ധിപ്പിച്ചത്. സബ്‌സിഡി സാധനങ്ങള്‍ക്കു തന്നെ വന്‍ വിലവര്‍ധനയുള്ളപ്പോള്‍ സബ്‌സിഡിയില്ലാത്തവയുടെ വില ഉയര്‍ത്തിയത് ജനങ്ങള്‍ക്കു തിരിച്ചടിയായിട്ടുണ്ട്. അരിക്ക് മൂന്നുരൂപ വരെ ഉയര്‍ത്തിയപ്പോള്‍ പയറുവര്‍ഗങ്ങള്‍ക്ക് 23 രൂപ വരെ കൂട്ടാനായിരുന്നു നിര്‍ദേശം. ഒടുവില്‍ പ്രതിഷേധം ഭയന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.
ഇക്കഴിഞ്ഞ 16ന് സപ്ലൈകോ പര്‍ച്ചേസ് മാനേജര്‍ ഇറക്കിയ ഉത്തരവ് അനുസരിച്ച് 26.50 രൂപയുള്ള മട്ടയരി മൂന്നര രൂപ കൂട്ടി 30 രൂപയ്ക്ക് വില്‍ക്കാനാണു നിര്‍ദേശം. ജയ അരിക്ക് മൂന്നു രൂപയും കുറുവ അരിക്ക് ഒന്നര രൂപയും വര്‍ധിപ്പിക്കണം. 35 രൂപയ്ക്ക് കിട്ടുന്ന പഞ്ചസാരയ്ക്ക് 39 രൂപ. 146 രൂപയുടെ വറ്റല്‍മുളകിന് 151 രൂപ. കടല വില 60 രൂപയില്‍ നിന്ന് 83 ആയും തുവരപരിപ്പുവില 122 രൂപയില്‍ നിന്ന് 138 ആയും ഉയര്‍ത്തണം. 140 രൂപയുള്ള ഉഴുന്നിന് 18 രൂപ വര്‍ധിപ്പിക്കണം ഇങ്ങനെ പോവുന്നു നിര്‍ദേശങ്ങള്‍. എന്നാല്‍, വിലവര്‍ധന തിരിച്ചടിയാവുമെന്നു ബോധ്യപ്പെട്ടതോടെ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മരവിപ്പിച്ച് മറ്റൊരു ഉത്തരവിറക്കി.
ഓരോ റേഷന്‍കാര്‍ഡിനും നിശ്ചിത അളവില്‍ മാത്രമേ സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ സബ്‌സിഡി ഇനത്തില്‍ സാധനങ്ങള്‍ ലഭിക്കൂ. അധികം വേണ്ടവര്‍ക്ക് സബ്‌സിഡിയില്ലാത്ത സാധനങ്ങള്‍ വാങ്ങാം. പൊതുവിപണിയേക്കാള്‍ വിലക്കുറവായതിനാല്‍ ഇത് ഒരു പരിധിവരെ ആശ്വാസമായിരുന്നു. വിലവര്‍ധിപ്പിച്ചാല്‍ അതും നഷ്ടമാവും. നിലവില്‍ പച്ചക്കറിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലവര്‍ധനവാണുള്ളത്. ഈ സാഹചര്യത്തില്‍ വിലവര്‍ധന നടപ്പായാല്‍ സാധാരണക്കാര്‍ക്ക് അതു തിരിച്ചടിയാവും.
Next Story

RELATED STORIES

Share it