Pathanamthitta local

സപ്ലൈകോ ഭക്ഷ്യോല്‍പന്നങ്ങളുടെ ഗുണനിലവാരം കുറയുന്നു

പത്തനംതിട്ട: പൊതുവിപണിയില്‍ വില കൂടിയതോടെ ന്യായവിലയ്ക്കു സാധനങ്ങള്‍ നല്‍കേണ്ട സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ സപ്ലൈകോ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കുറവു വരുത്തി. സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിലാണ് കുറവു വരുത്തിയിരിക്കുന്നത്. സബ്‌സിഡി നിരക്കില്‍ വര്‍ധന വേണ്ടെന്ന സര്‍ക്കാര്‍ നിലപാട് നിലവിലുള്ളപ്പോള്‍ സാധനങ്ങളുടെ അളവ് കുറയ്ക്കുകയോ ഗുണനിലവാരം കുറഞ്ഞവ വിതരണം ചെയ്യുകയോ മാര്‍ഗമുള്ളൂവെന്ന നിലപാടിലാണ് സപ്ലൈകോ അധികൃതര്‍.
സപ്ലൈകോ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്തുവരുന്ന വെള്ള അരിയുടെ ഗുണനിലവാരമാണ് പൊടുന്നനേ താഴേക്കു പോയത്. ജയ അരി കിലോഗ്രാമിന് 25 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് അഞ്ചുകിലോ അരിയാണ് ഒരു മാസം നല്‍കുന്നത്. ജയ അരിക്ക് പൊതുമാര്‍ക്കറ്റില്‍ 40 - 42 രൂപയാണ് കിലോഗ്രാമിനു വില.
പച്ചരി സബ്‌സിഡി ഇനത്തില്‍ വില്‍പ്പനയില്ല. കിലോഗ്രാമിന് 29.10 രൂപ നിരക്കില്‍ സപ്ലൈകോ മാര്‍ക്കറ്റിലൂടെ നല്‍കുന്ന പച്ചരിയാകട്ടെ ഗുണനിലവാരം കുറഞ്ഞതാണെന്നും ആക്ഷേപമുണ്ട്. 23.50 രൂപ സബ്‌സിഡി നിരക്കില്‍ പഞ്ചസാര ലഭ്യമാണെങ്കിലും ഇതില്‍ പലപ്പോഴും ചെളി കലര്‍ന്ന നിലയിലാണ് ലഭിക്കുന്നത്. വെളിച്ചെണ്ണ ഒരു കിലോഗ്രാം സബസ്ഡി നിരക്കില്‍ നല്‍കിവന്നിരുന്നു. എന്നാല്‍ ഇതു വെട്ടിക്കുറച്ചു. അരകിലോഗ്രാം ശബരി വെളിച്ചെണ്ണ 96 രൂപയ്ക്കാണ് നല്‍കുന്നത്. സപ്ലൈകോ മുഖേന സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്ന ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, കടല എന്നിവയുടെ വിതരണവും പ്രതിസന്ധിയിലേക്ക്. കുറഞ്ഞവിലയില്‍ ഇവ എത്തിക്കാന്‍ സപ്ലൈകോ ബുദ്ധിമുട്ടിലാണ്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഫെഡില്‍ നിന്ന് പയര്‍ വര്‍ഗങ്ങള്‍ വാങ്ങുന്നതിനു സപ്ലൈകോ നടത്തിയ ശ്രമം നടത്തിയിരുന്നു.
എന്നാല്‍ വിലയിലെ വൈരുധ്യം കാരണം ഇടപാടു നടന്നില്ല. കര്‍ഷകരില്‍ നിന്നു നേരിട്ടു സംഭരിച്ചു സൂക്ഷിച്ചിരിക്കുന്ന പയര്‍ വര്‍ഗങ്ങള്‍ കഴുകി സംസ്‌കരിച്ചെടുത്താണ് നാഫെഡ് വില്‍പ്പന നടത്തേണ്ടത്. എന്നാല്‍ ഇതിനിടെയിലുള്ള ചില കരാറുകാര്‍ തങ്ങളുടെ നിരക്ക് വര്‍ധിപ്പിച്ചതോടെ സപ്ലൈകോയുമായി നേരത്തെയുണ്ടാക്കിയ കരാര്‍ പാലിക്കാനാകില്ലെന്ന് നാഫെഡ് അറിയിച്ചിരുന്നു. സ്വകാര്യ കമ്പനികള്‍ വന്‍ വിലയാണ് സപ്ലൈകോയോട് ആവശ്യപ്പെടുന്നത്. ഇവരെ ഒഴിവാക്കി നാഫെഡില്‍ നിന്നു സാധനങ്ങള്‍ എടുക്കാനാണ് കരാര്‍ നല്‍കിയിരുന്നത്. ചെറുപയര്‍, ഉഴുന്ന് എന്നിവയ്ക്കാണ് ഓര്‍ഡര്‍ നല്‍കിയിരുന്നത്.
ജനുവരി, ഫെബ്രുവരിയിലെ വിതരണത്തിനു വേണ്ടിയായിരുന്നു ഇത്. നാഫെഡ് പിന്‍മാറിയതോടെ വിതരണം പ്രതിസന്ധിയിലാകും. ക്വിന്റലിന് 6000 രൂപ നിരക്കിലാണ് ചെറുപയറിനു നാഫെഡ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്വകാര്യ കമ്പനികള്‍ 6300 രൂപ ആവശ്യപ്പെട്ടു. സപ്ലൈകോയിയിലെ സബ്‌സിഡി വില കിലോഗ്രാമിന്  58 രൂപയാണ്. ഉഴുന്ന് കിലോഗ്രാമിന് 59.50 രൂപയ്ക്കാണ് സപ്ലൈകോ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്.  ക്വിന്റലിന് 5500 രൂപയ്ക്കു നല്‍കാമെന്നാണ് നാഫെഡ് അറിയിച്ചിരുന്നത്. സ്വകാര്യ കമ്പനികളുടെ നിരക്ക് 6000 രൂപയ്ക്കു മുകളിലേക്കാണ്.
Next Story

RELATED STORIES

Share it