സപ്തംബര്‍ ആദ്യവാരം ബാങ്കുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കും

ന്യൂഡല്‍ഹി: സപ്തംബര്‍ ആദ്യവാരം ബാങ്കുകള്‍ സാധാരണ പോലെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. ഈ ദിവസങ്ങള്‍ പൊതു അവധിയാണെന്നും വേണ്ട മുന്‍കരുതലുകളെടുക്കണമെന്നും കാണിച്ച് ചില വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും സന്ദേശം പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ജന്‍മാഷ്ടമി, ശ്രീകൃഷ്ണ ജയന്തി തുടങ്ങി വിവിധ അവധികളുള്ളതിനാല്‍ സപ്തംബര്‍ ആദ്യവാരം പൂര്‍ണമായും ബാങ്കുകള്‍ അവധിയായിരിക്കുമെന്നും മുന്‍കരുതലെടുക്കണമെന്നുമായിരുന്നു തെറ്റായി പ്രചരിച്ചിരുന്ന സന്ദേശം.
സപ്തംബര്‍ രണ്ടിനും എട്ടിനും മാത്രമാണ് പൊതു അവധി. ഇത് യഥാക്രമം ഞായറാഴ്ചയും ശനിയാഴ്ചയുമാണ്. സപ്തംബര്‍ മൂന്ന് ജന്‍മാഷ്ടമി ആണെങ്കിലും രാജ്യത്ത് ഇത് പൊതു അവധിയല്ല. ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഈ ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. പൊതു അവധിമൂലവും സമരംമൂലവും ഈ ആഴ്ച ബാങ്കുകള്‍ അവധിയായിരിക്കുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനാ വൈസ്പ്രസിഡന്റ് അശ്വനി റാണയും വ്യക്തമാക്കി. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനുമായി ബന്ധപ്പെട്ട് നാല്, അഞ്ച് തിയ്യതികളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാര്‍ അവധിയെടുക്കാന്‍ സാധ്യതയുണ്ടെന്നും ഇതായിരിക്കാം തെറ്റിദ്ധാരണയ്ക്കിടയാക്കിയതെന്നും റാണ വ്യക്തമാക്കി.
Next Story

RELATED STORIES

Share it