World

സന്‍ആയില്‍ സംഘര്‍ഷം രൂക്ഷം

സന്‍ആ: യമനില്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുല്ലാ സാലിഹ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തലസ്ഥാനമായ സന്‍ആയില്‍ തെരുവുയുദ്ധം രൂക്ഷമായി. മൂന്നു വര്‍ഷത്തോളമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശത്തെ സ്ഥിതിഗതികള്‍ ഇതോടെ നിയന്ത്രണാതീതമായിരിക്കുകയാണ്. സന്‍ആ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണ് ഹൂഥി വിമതര്‍. നഗരത്തില്‍ പുതിയ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. സാലിഹിന്റെ അനുയായികളെ വ്യാപകമായി അറസ്റ്റ് ചെയ്തതായും റിപോര്‍ട്ടുണ്ട്.
സാലിഹ് അനുകൂലികളും ഹൂഥികളും അടുത്തിടെ തെറ്റിപ്പിരിഞ്ഞതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍   ഷം ഉടലെടുത്തത്.  സാലിഹ് പക്ഷത്തിന് സൗദി പിന്തുണ പ്രഖ്യാപിക്കുകയും ഹൂഥി കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി വ്യോമാക്രമണം ആരംഭിക്കുകയും ചെയ്തിരുന്നു. ഹൂഥി വിഭഗത്തിന്റെ  പ്രസിഡന്റിന്റെ കൊട്ടാരത്തെയടക്കം ലക്ഷ്യംവച്ച് സൗദി 25 വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച ഹൂഥി വിമതരാണ് സാലിഹിന്റെ മരണവിവരം പുറത്തുവിട്ടത്. നഗരത്തിലെ റോഡരികില്‍ നടന്ന സ്‌ഫോടനത്തിലാണു സാലിഹ് കൊല്ലപ്പെട്ടതെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. സാലിഹ് അനുയായികളും മരണവാര്‍ത്ത സ്ഥിരീകരിച്ചു. പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായതോടെ ജനങ്ങള്‍ പലായനം തുടങ്ങി. സംഘര്‍ഷത്തില്‍ 234 പേര്‍ കൊല്ലപ്പെട്ടതായും 400 പേര്‍ക്കു പരിക്കേറ്റതായും റെഡ്‌ക്രോസ് വൃത്തങ്ങള്‍ അറിയിച്ചു.
സാലിഹിന്റെ ഖബറടക്കം ചൊവ്വാഴ്ച രാത്രി നടന്നതായാണ് റിപോര്‍ട്ട്. അതേസമയം, ഹൂഥി വിമതര്‍ക്കെതിരേ ശക്തമായ കടന്നാക്രമണം നടത്തണമെന്ന് സൗദിയില്‍ കഴിയുന്ന പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ആവശ്യപ്പെട്ടു. അതിനിടെ സന്‍ആയില്‍ നിരവധി മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായതായും റിപോര്‍ട്ടുണ്ട്. സാലിഹ് വധത്തെ അറബ്‌ലീഗ് അപലപിച്ചു.
Next Story

RELATED STORIES

Share it