Flash News

സന്നിധാനത്ത് റോപ്‌വേ : നടപടികള്‍ പുരോഗതിയിലെന്ന് മന്ത്രി കടകംപള്ളി



തിരുവനന്തപുരം: സന്നിധാനത്ത് റോപ്‌വേ ആരംഭിക്കാനുള്ള അംഗീകാരത്തിനായി നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേന്ദ്രാനുമതിയാണ് ഇതില്‍ പ്രധാനം. അനുമതി ലഭിച്ചാല്‍ ഉടനെ പദ്ധതി തുടങ്ങും. പരിസ്ഥിതി സംരക്ഷിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇനി ശബരിമലയില്‍ അനുവദിക്കൂ. ശബരിമല ഇടത്താവളങ്ങളായി 37 ക്ഷേത്രങ്ങളെ കൂടി തിരഞ്ഞെടുത്തു. ഇതില്‍ 18 എണ്ണം അടിയന്തരമായി ആരംഭിക്കാന്‍ വിശദമായ പദ്ധതി റിപോര്‍ട്ട് തയ്യാറായി. കിഫ്ബി വഴിയാണ് ഇടത്താവള പദ്ധതികള്‍ നടപ്പാക്കുക. പൈങ്കുനി, ഉത്രം, വിഷു ദിവസങ്ങളില്‍ നട തുറന്നപ്പോള്‍ ആചാരലംഘനങ്ങള്‍ നടന്നുവെന്ന ആരോപണം അന്വേഷണത്തില്‍ തെറ്റാണെന്ന് ബോധ്യപ്പെട്ടു. മറ്റ് ചില ആചാരലംഘനങ്ങള്‍ നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. മതപാഠശാലകള്‍ക്കു സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, കുട്ടികളെ  മതപാഠശാലകളില്‍ അയക്കുന്നവരെ മാത്രമേ ക്ഷേത്രോപദേശക സമിതിയില്‍ അംഗമാക്കൂവെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നിലപാടിനു സര്‍ക്കാര്‍ എതിരാണ്. ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി പന്തളത്തിന്റെ വികസനത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. ശബരിമല ഗസ്റ്റ്ഹൗസ്, ആശുപത്രി എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it