Pathanamthitta local

സന്നദ്ധ സംഘടനകളുമായി സഹകരിക്കുന്നതിന് ദേവസ്വം ബോര്‍ഡിന് താല്‍പര്യം

പത്തനംതിട്ട: ശബരിമലയില്‍ സൗജന്യ അന്നദാനം നടത്തുന്നതിന് സന്നദ്ധ സംഘടനകളുമായി സഹകരിച്ച് പോവുന്നതിലാണ് താല്‍പ്പര്യമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം പി കെ കുമാരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി ഉത്തരവിനെതിരേ പുനപ്പരിശോധനാ ഹരജി നല്‍കും.
പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ശബരിമല സുഖദര്‍ശനം ചര്‍ച്ചാപരമ്പരയിലാണ് ബോര്‍ഡിന്റെ നിലപാട് അംഗം വ്യക്തമാക്കിയത്. പുതിയ പ്രസിഡന്റിന്റെയും പുതിയ അംഗത്തിന്റെയും കൂടി അഭിപ്രായം അറിഞ്ഞശേഷമാവും ബോര്‍ഡ് യുക്തമായ തീരുമാനമെടുക്കുക. ദേവസ്വം ബോര്‍ഡ് കൂടാതെ സര്‍ക്കാരും ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ്.
അന്നദാനം നടത്തുന്നതില്‍ നിന്നു സന്നദ്ധ സംഘടനകളെ ബോര്‍ഡ് ഒരിക്കലും വിലക്കിയിട്ടില്ല. അന്നദാനം ദേവസ്വം ബോര്‍ഡ് നടത്തിയാല്‍ മതിയെന്ന കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബോര്‍ഡ് ഇതിനായി ഒരു സബ് കമ്മിറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സന്നദ്ധ സംഘടനകള്‍ അന്നദാനം നടത്തുന്ന സ്ഥലങ്ങളില്‍ എല്ലാം ദേവസ്വം ബോര്‍ഡ് അന്നദാനം നടത്തും.
പമ്പയില്‍ ഉള്‍പ്പെടെ അന്നദാന മണ്ഡപങ്ങളുടെ വിപുലികരണവും നടന്നുവരുന്നു. ഇപ്പോള്‍ താല്‍ക്കാലിക ജീവനക്കാരാണ് ദേവസ്വം ബോര്‍ഡിന്റെ അന്നദാനവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത്.
കോടതി നിര്‍ദ്ദേശം വന്നതോടെ ഇതിനായി കൂടുതല്‍ ജീവനക്കാരെ ഇനിയും കെണ്ടത്തണം.
തീര്‍ഥാടന കാലത്ത് ഭക്തരെ കൊള്ളചെയ്യാന്‍ വ്യാപാരികളെ അനുവദിക്കില്ല. സര്‍ക്കാരുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുണ്ടാവും. പമ്പയില്‍ അന്നദാനമണ്ഡപത്തിന്റെ പണികള്‍ ഉടനെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അരവണ നിര്‍മാണം ഒക്‌ടോബര്‍ 13നാണ് ആരംഭിച്ചത്. ഇതുവരെ 35 ലക്ഷം ടിന്‍ അരവണ കരുതല്‍ ശേഖരമുണ്ട്.
അപ്പം രണ്ട് ലക്ഷം പാക്കറ്റും. മണ്ഡല, മകരവിളക്ക് ഉല്‍സവവുമായി ബന്ധപ്പെട്ട് ശബരിമലയിലെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും പി കെ കുമാരന്‍ അറിയിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഏബ്രഹാം തടിയൂര്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it