wayanad local

സന്നദ്ധ പ്രവര്‍ത്തക സംഘം രൂപീകരിച്ചു

കല്‍പ്പറ്റ: സംസ്ഥാനത്താദ്യമായി ഒരു ജില്ലയെ സമ്പൂര്‍ണ ഡിജിറ്റല്‍ ജില്ലയാക്കി മാറ്റുന്നതിന് വയനാട്ടില്‍ നടപടി തുടങ്ങി. ആദ്യപടിയായി ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ നേതൃത്വത്തില്‍ 125 അംഗ ഡിജിറ്റല്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘം രൂപീകരിച്ചു. ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സംവിധാനങ്ങളെ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള നടപടിയും ആരംഭിച്ചു. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിനു കീഴിലെ വികാസ് പീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും നേതൃത്വത്തില്‍ അക്ഷയ, ലീഡ് ബാങ്ക്, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന ഡിജിറ്റല്‍ വയനാട് യജ്ഞത്തിന്റെ ഭാഗമായാണ് സമ്പൂര്‍ണ ഡിജിറ്റലൈസേഷനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഡിജിറ്റല്‍ സാക്ഷരതാ പരിശീലനം, ബോധവല്‍ക്കരണം, ഐടി സപോര്‍ട്ടിങ്, ഡിജിറ്റല്‍ പരിപാടികളുടെ സംഘാടനം, ഐടി ഡെവലപ്‌മെന്റ്, സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വിജിലന്‍സ് സെല്‍, സോഷ്യല്‍ മീഡിയ, ഓണ്‍ലൈന്‍ സംയോജനം, ഓണ്‍ലൈന്‍ സേവനങ്ങള്‍, ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരത,  ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങി 10 മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം. ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി നടന്ന ഏകദിന ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് സുഹാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക് ഓഫിസര്‍ ഇ കെ സൈമണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്റ്റ് മാനേജര്‍ ജെറിന്‍ സി ബോബന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ സുഭദ്രാ നായര്‍, വയനാട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛന്‍, സി വി ഷിബു സംസാരിച്ചു.
Next Story

RELATED STORIES

Share it