സന്ദര്‍ശനം മുടക്കാന്‍സര്‍ക്കാര്‍ ഇടപെട്ടുവെന്നത്അടിസ്ഥാനരഹിതം

തിരുവനന്തപുരം: പ്രധാനമന്ത്രി ഓഖി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്നുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് അറിയിച്ചു. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ വിവരം ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് ഡിസംബര്‍ 16നാണ്. അദ്ദേഹത്തിന്റെ ഓഫിസില്‍നിന്ന് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നത് 18, 19 തിയ്യതികളില്‍ കേരളം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട് എന്നായിരുന്നു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സന്ദര്‍ശന സ്ഥലം വ്യക്തമാക്കിയിരുന്നില്ല. സ്ഥിരീകരിച്ച അവസാന പരിപാടിയിലാണ് സന്ദര്‍ശന സ്ഥലവും സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയത്. ആദ്യം ലഭിച്ച താല്‍ക്കാലിക പരിപാടി പ്രകാരം അദ്ദേഹം കൊച്ചിയില്‍ വന്നശേഷം ലക്ഷദ്വീപില്‍ പോവുമെന്നും തിരിച്ച് 19ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുമെന്നുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, അവസാന പരിപാടി പ്രകാരം അതില്‍ മാറ്റം വരുത്തി. ലക്ഷദ്വീപ് സന്ദര്‍ശിച്ച ശേഷമാണ് കേരളത്തില്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ പരിപാടി തയ്യാറാക്കുന്നത് പ്രധാനമന്ത്രി കാര്യാലയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസ്ഥലമോ തിയ്യതിയോ തീരുമാനിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു പങ്കുമില്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണെന്നും ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it