സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞ് സൗദിയില്‍ തങ്ങിയാല്‍ കടുത്ത ശിക്ഷ

ജിദ്ദ: സന്ദര്‍ശക വിസകളിലുള്ളവര്‍ വിസ കാലാവധി അവസാനിക്കുന്നതിനു മുമ്പ് നാടുവിടണമെന്നും നിയമം ലംഘിച്ചാല്‍ സന്ദര്‍ശകര്‍ക്കും വിസ നല്‍കിയവര്‍ക്കുമെതിരേ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും സൗദി ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.
സന്ദര്‍ശക വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തങ്ങുന്നവര്‍ക്കും അവരെ എത്തിച്ചവര്‍ക്കും പരമാവധി ആറു മാസം വരെ തടവും 50,000 റിയാല്‍ വരെ പിഴയും ചുമത്തുന്നതോടൊപ്പം നാടുകടത്തുമെന്നാണ് പ്രഖ്യാപനം.
സന്ദര്‍ശക വിസയിലെത്തി യഥാസമയം നാടുവിടാത്ത വിദേശിയുടെ മേല്‍ ആദ്യ തവണ 15,000 റിയാല്‍ പിഴ ചുമത്തി നാടുകടത്തും ചെയ്യും. രണ്ടാം തവണയും നിയമം ലംഘിച്ചാല്‍ 25,000 റിയാല്‍ പിഴ ചുമത്തുന്നതോടൊപ്പം മൂന്നു മാസത്തെ ജയില്‍ ശിക്ഷയ്ക്കു ശേഷം നാടുകടത്തും.
മൂന്നാം തവണയും കാലാവധി കഴിഞ്ഞു രാജ്യത്ത് തങ്ങിയാല്‍ 50,000 റിയാല്‍ പിഴ ചുമത്തുകയും ആറു മാസത്തെ തടവുശിക്ഷയ്ക്കു ശേഷം നാടുകടത്തുകയുമാണ് ചെയ്യുക.
സന്ദര്‍ശക വിസക്കാരെ കൊണ്ടുവന്ന സ്‌പോണ്‍സറുടെ മേലും ഇതുപ്രകാരം കടുത്ത ശിക്ഷ ഏര്‍പ്പെടുത്തും. സ്‌പോണ്‍സറുടെ മേല്‍ ആദ്യ തവണ 15,000 റിയാല്‍ പിഴചുമത്തും.
രണ്ടാം തവണ നിയമം ലംഘിച്ചാല്‍ 25,000 റിയാല്‍ പിഴയും മൂന്നു മാസം തടവും മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ 50,000 റിയാല്‍ പിഴയും ആറു മാസം തടവുമാണ് ശിക്ഷ. സ്‌പോണ്‍സര്‍ വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.
എല്ലാ തരത്തിലുള്ള സന്ദര്‍ശക വിസക്കാരും ഈ നിയമപ്രകാരം കാലാവധി അവസാനിക്കുന്നതിനു മുമ്പ് രാജ്യംവിടണം. ഭാര്യമാരെയും മക്കളെയും മാതാപിതാക്കളെയും കൊണ്ടുവരുന്നതിനുള്ള കുടുംബ സന്ദര്‍ശന വിസകളാണ് സൗദിയില്‍ കൂടുതലും നല്‍കിവരുന്നത്.
ഇത്തരം വിസകളില്‍ എത്തുന്നവര്‍ യഥാസമയം നാടുവിട്ടില്ലെങ്കില്‍ ജവാസാത്തിന്റെ പുതിയ മുന്നറിയിപ്പ് അനുസരിച്ചു സന്ദര്‍ശന വിസകളില്‍ വന്ന കുടുംബാംഗങ്ങള്‍ മാത്രമല്ല, അവരെ കൊണ്ടുവന്ന കുടുംബനാഥനും ജയിലിലാവുകയും നാടുകടത്തപ്പെടുകയും ചെയ്യും.
Next Story

RELATED STORIES

Share it