സന്ദര്‍ശക വിസയുടെ മറവില്‍ മനുഷ്യക്കടത്ത്; മലയാളി യുവാക്കള്‍ ബഹ്‌റയ്‌നില്‍ കുടുങ്ങി

മലപ്പുറം: മനുഷ്യക്കടത്ത് സംഘത്തിന്റെ ചതിയില്‍കുടുങ്ങി ബഹ്‌റയ്‌നിലെത്തിയ മലപ്പുറം സ്വദേശികള്‍ ദുരിതത്തില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ ഷിഹാബുദ്ദീന്‍, അബ്ദുറഊഫ്, ജലീല്‍ എന്നിവരാണു തട്ടിപ്പിനിരയായത്. തൊഴില്‍ വിസയെന്ന വ്യാജേന ഇവര്‍ക്കു നല്‍കിയത് 15 ദിവസത്തെ
കാലാവധി മാത്രമുള്ള ബിസിനസ് വിസിറ്റ് വിസയായിരുന്നു. അതിന്റെ കാലാവധി തീര്‍ന്നതോടെ ബഹ്‌റയ്ന്‍ സര്‍ക്കാര്‍ ഇവര്‍ക്കു പിഴ ചുമത്തിയിരിക്കുകയാണ്. ഇനി പിഴ അടച്ചാലേ ഇവര്‍ക്കു നാട്ടിലേക്കു മടങ്ങാന്‍ കഴിയൂ. ഇതില്‍ ജലീലിനെ പൊതു മാപ്പില്‍ ഉള്‍പ്പെടുത്തി മലയാളി സാമൂഹികപ്രവര്‍ത്തകര്‍ നാട്ടിലേക്കു പറഞ്ഞയച്ചു.
കൊണ്ടോട്ടി ഒളവട്ടൂര്‍ സ്വദേശി ഫൈസലാണ് ബഹ്‌റയ്‌നില്‍ ജോലി ശരിയാക്കാമെന്നു പറഞ്ഞ് ഇവരില്‍നിന്ന് ഒരുലക്ഷത്തി 10,000 രൂപ വീതം വാങ്ങിയത്. കൊണ്ടോട്ടി കിഴിശ്ശേരി കടുങ്ങല്ലൂര്‍ സ്വദേശി നൗഷാദ് എന്ന അബ്ദുറഹ്മാന്‍ (സുഡു), കോഴിക്കോട് കിണാശ്ശേരി സ്വദേശി റമീസ് എന്നിവരാണു മനുഷ്യക്കടത്തു സംഘത്തിലെ മറ്റ് അംഗങ്ങള്‍. നാലുപേരില്‍ നിന്ന് വിസയ്ക്ക് പണം വാങ്ങിയിരുന്നെങ്കിലും ഒരാള്‍ക്കു യാത്ര തടസ്സപ്പെട്ടു. മൂന്നുപേരാണ് ബഹ്‌റയ്‌നിലേക്കു പോയത്.
കരിപ്പൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തില്‍ ഇവര്‍ കാണിച്ചത് വ്യാജ തൊഴില്‍വിസയുടെ കോപ്പിയായിരുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്. ബഹ്‌റയ്‌നിലെത്തിയാല്‍ വര്‍ക്ക് വിസയിലേക്കു മാറാമെന്നായിരുന്നു ഇവരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ബഹ്‌റയ്‌നിലെത്തിയതോടെ പാസ്‌പോര്‍ട്ട് സംഘം വാങ്ങിവയ്ക്കുകയായിരുന്നു. ഫഌറ്റില്‍ താമസസൗകര്യവും ഒരുക്കി. അതിനിടെ വിസയുടെ കാലാവധി തീര്‍ന്നു.
കേരളത്തിലെ നിരവധി യുവതികളെ ബഹ്‌റയ്‌നിലെത്തിച്ച് മാംസക്കച്ചവടം നടത്തുന്നവരാണു പ്രതികള്‍. ഗൃഹജോലിക്കെന്നു പറഞ്ഞാണു യുവതികളെ കടത്തുന്നത്. വിസിറ്റ് വിസയില്‍ ബഹ്‌റയ്‌നിലെത്തിച്ചതിനു ശേഷം ആഡംബര ഫഌറ്റുകളില്‍ പാര്‍പ്പിച്ച് പെണ്‍വാണിഭം നടത്തുകയാണ് ഇവരുടെ പതിവ്. ഇത്തരത്തിലുള്ള ഫഌറ്റില്‍ത്തന്നെയായിരുന്നു മൂന്ന് യുവാക്കളെയും പാര്‍പ്പിച്ചിരുന്നത്.
പെണ്‍വാണിഭക്കാര്‍ക്കു സൗകര്യം ചെയ്യുന്നതിനായി രാത്രിയില്‍ തങ്ങളെ റൂമില്‍ നിന്ന് ഇറക്കിവിടുകയാണെന്നും യുവാക്കള്‍ പരാതിപ്പെട്ടു. പലരുടെയും ഇടപെടലിനെത്തുടര്‍ന്ന് പാസ്‌പോര്‍ട്ട് തിരികെ ലഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it