kozhikode local

സന്ദര്‍ശകര്‍ കൂടിയിട്ടു വിലങ്ങാട് ടൂറിസം പ്രൊജക്റ്റ്് പ്രഖ്യാപനത്തില്‍ തന്നെ

നാദാപുരം: പ്രകൃതി രമണീയമായ വിലങ്ങാട് മലയോരത്തെ കാഴ്ചകള്‍ കാണാന്‍ ടൂറിസ്റ്റുകള്‍ വര്‍ധിച്ചിട്ടും  വിലങ്ങാട് ടൂറിസത്തിന്റെ നടപടികള്‍ കടലാസില്‍ മുടങ്ങി കിടക്കുന്നു. പദ്ധതിക്ക് വേണ്ടി പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം എഞ്ചിനിയറും ആര്‍ക്കിടെക്റ്റുകളും മൂന്ന് തവണ സ്ഥലം സന്ദര്‍ശിച്ചു. പദ്ധതിക്ക് വേണ്ട പ്ലാന്‍ തയ്യാറാക്കിയെങ്കിലും തുടര്‍ നടപടികളെങ്ങുമെത്തിയില്ല.
ടൂറിസം വകുപ്പ് തയ്യാറാക്കിയ പ്രൊജക്ട് റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറിയിട്ടും സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികളുണ്ടായിട്ടില്ല. തിരികക്കയം വെള്ളച്ചാട്ടം,ചക്കരകുണ്ട്, തോണിക്കയം ജലപാതം, പന്നിയേരി, വലിയ പാനോം, വനാതിര്‍ത്തികള്‍, തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം വിശദമായ പ്ലാന്‍ തയ്യാറാക്കിയിരുന്നു. ഈ പ്ലാന്‍  ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയാല്‍ മാത്രമേ പഞ്ചായത്തിന് തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കഴിയൂ എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
വിലങ്ങാട് ടൂറിസത്തിനായി ഗ്രാമപഞ്ചായത്ത് പദ്ധതിയിടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി .കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഒരു മലേഷ്യന്‍ കമ്പനിയുമായി ചര്‍ച്ചയും നടത്തിയിരുന്നു.എന്നാല്‍ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ സജീവമായ ഇടപെടല്‍ നടത്തിയതോടെ സംസ്ഥാന ടൂറിസം വകുപ്പ് തന്നെ പദ്ധതിയെപ്പറ്റി ആലോചിക്കുകയായിരുന്നു.
ഇതിനായി തിരികക്കയത്തുളള സ്വകാര്യ വ്യക്തി വെളളച്ചാട്ട പരിസരത്ത് ശൗചാലയം നിര്‍മിക്കാന്‍ സ്ഥലം വിട്ട് നല്‍കിയിരുന്നു.ഈ സ്ഥലം പഞ്ചായത്ത് ടൂറിസം വകുപ്പിന് കൈമാറുകയും ചെയ്തു.വിലങ്ങാടെ പ്രകൃതി രമണീയമായ കാഴ്ചകാണാന്‍ നിരവധി പേരാണ് തിരികക്കയത്തും ,തോണിക്കയത്തും എത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് ചിറ്റാരി വഴിയുളള മണ്‍ പാത വഴിയാണ് ഇപ്പോള്‍ സന്ദര്‍ശകരെത്തുന്നത്. ഈ മഴക്കാലത്തിന് ശേഷം ഈ റോഡ് ടാറിംഗ് പ്രവര്‍ത്തി നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.
പാനോം കുഞ്ഞോം വയനാട് ബദല്‍ റോഡും,വിലങ്ങാട് തലശ്ശേരി റോഡും യാഥാര്‍ത്യമാക്കിയാല്‍ നാടിന്റെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യുമെന്ന് നാട്ടുകാര്‍ പറഞ്ഞു. താമരശ്ശേരി ചുരവും,പക്രന്തളം ചുരത്തിലും മഴക്കാലമായാല്‍ ഗതാഗത തടസ്സമുണ്ടാകുന്നത് പതിവാണ്. വലിയ കണ്ടെയിനര്‍ ലോറികള്‍ കടന്ന് പോകുമ്പോഴുണ്ടാകുന്ന ഗതാഗത കുരുക്ക് വേറെയും.
വിലങ്ങാട് കുഞ്ഞോ ബദല്‍ റോഡില്‍ എങ്ങും ചുരമില്ലാത്തതിനാല്‍ വലിയ വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ ഗതാഗത തടസ്സങ്ങളുണ്ടാകില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വിലങ്ങാട് പാനോം വയനാട് റോഡും,വിലങ്ങാട് തലശ്ശേരി റോഡും യാഥാര്‍ഥ്യമായാല്‍ വിലങ്ങാട് ടൂറിസത്തിന് സാധ്യതകളേറെയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.എന്നാല്‍ വിലങ്ങാട് വയനാട് മലയോര ഹൈവെയുടെ സര്‍വെ പൂര്‍ത്തിയായി ടെണ്ടര്‍ നടപടിയിലേക്ക് നീങ്ങിയിരിക്കുരകയാണെന്നും എംഎല്‍എയുടെ ഓഫീസ് അറിയിച്ചു.
Next Story

RELATED STORIES

Share it