സന്തോഷ് മാധവന് ഭൂമി നല്‍കിയതിനെതിരേ പ്രതിഷേധം

തിരുവനന്തപുരം: മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം വിവാദസ്വാമി സന്തോഷ് മാധവന് വിട്ടു നല്‍കിയ നടപടി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. റവന്യൂ വകുപ്പിന് ഇത് സംബന്ധിച്ച് സുധീരന്‍ കത്തയച്ചു. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഭൂമി തിരിച്ച് നല്‍കാനുള്ള നടപടിയില്‍ ദുരൂഹതയുണ്ടെന്നും ഈ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തി. തന്റെ മകനെതിരേ ജയിലില്‍ കിടന്ന് വ്യാജ ആരോപണം ഉന്നയിച്ചതിനുള്ള പ്രത്യുപകാരമായാണ് ഈ ഭൂദാനം നടന്നത്. പീഡനകേസ് പ്രതിക്ക് ഭൂമി നല്‍കിയത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ സ്ത്രീകളേയും കുട്ടികളേയും ഒറ്റുകൊടുത്തെന്നും വിഎസ് ആരോപിച്ചു. ഒരു കടുംവെട്ട് മന്ത്രിസഭയ്ക്ക് മാത്രമേ ഇത്തരത്തിലുള്ള ജനവിരുദ്ധ തീരുമാനം ഭരണത്തിന്റെ അവസാന നാളുകളില്‍ എടുക്കാന്‍ കഴിയൂ. ഈ നിയമവിരുദ്ധ തീരുമാനം അടിയന്തിരമായി റദ്ദാക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
സന്തോഷ് മാധവന് ഭൂമി തിരിച്ചു നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. തീരുമാനത്തിന് പിന്നില്‍ റിയല്‍ എസ്റ്റേറ്റ് താല്‍പര്യമാണുള്ളത്. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ പരമ്പര സൃഷ്ടിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ എംഎല്‍എ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കത്തയച്ചു.
Next Story

RELATED STORIES

Share it