സന്തോഷ് ട്രോഫി കിരീടംതാരങ്ങളായത് സെലക്ടര്‍മാര്‍

ടി പി ജലാല്‍
മലപ്പുറം: അഞ്ചുവര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കലാശക്കളിക്കും 14 വര്‍ഷത്തിനു ശേഷം കിരീടം നേടാനും കേരളത്തിന് സാധ്യമായത് ടീമിന്റെ ഒത്തൊരുമയാണ്. ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുക്കാന്‍ ആര്‍ജവം കാണിച്ച സെലക്ടര്‍മാരാണ് അക്ഷരാര്‍ഥത്തില്‍ വിജയത്തില്‍ നിര്‍ണായക പോരാളികളായത്.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ അമിത ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. മിക്ക വര്‍ഷങ്ങളിലും ഡിപാര്‍ട്ട്‌മെന്റിന്റെ കോച്ചുമാരാണ് സെലക്ടര്‍മാരായും കോച്ചുമാരായും വന്നിരുന്നത്. അതുവഴി സ്വന്തം ടീമിലെ താരങ്ങളെ തിരുകിക്കയറ്റുന്നതിനപ്പുറം മറ്റൊന്നും ഇവര്‍ ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ മൂന്നുപേരാണ് പ്രധാനമായും സെലക്ടര്‍മാരായത്. ഇവരാവട്ടെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീമുണ്ടാക്കണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിനു പുറമേ ഡിപാര്‍ട്ട്‌മെന്റ് ടീമിന് പുറത്തുള്ള കാര്‍ക്കശ്യക്കാരനായ കോച്ച് സതീവന്‍ ബാലനെയും നിയമിച്ചു. കഴിഞ്ഞ തവണ സെലക്റ്ററും കോച്ചും ഒരാളായതു തന്നെ ടീമിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടിരുന്നു. ഇത് തേജസ് വാര്‍ത്തയാക്കിയിരുന്നു. ഞാന്‍ പറയുന്ന കളിക്കാരെ എടുത്താലേ കോച്ചാവൂ എന്ന പതിവു പല്ലവി ആവര്‍ത്തിക്കുന്നയാളടക്കം രണ്ടുപേര്‍ ഇത്തവണ സെലക്ഷനില്‍ പങ്കെടുക്കാത്തതും കാണികളുടെ പ്രതീക്ഷ കാത്തു.
വി പി ഷാജി, കെ മുഹമ്മദ് സലീം, രഞ്ജി ജേക്കബ് തുടങ്ങിയവരാണ് ടീം സെലക്റ്റ് ചെയ്തത്. എഫ്‌സി കേരളയുടെ കണ്ടുപിടിത്തമായ എം എസ് ജിതിന്‍, കെ പി രാഹുല്‍ തുടങ്ങിയവരുടെ സ്റ്റാമിനയ്ക്കു മുന്നില്‍ എതിരാളികള്‍ തകരുകയായിരുന്നു. ഓള്‍ ഇന്ത്യ ചാംപ്യന്‍ഷിപ്പ് നേടിയ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ അഞ്ചു താരങ്ങളുടെ സാന്നിധ്യവും നിര്‍ണായകമായി. എം എസ് ജിതിന്‍, അഫ്ദല്‍ എന്നിവരുടെ പ്രകടനം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്.    ഇത്തവണ എസ്ബിഐയില്‍ നിന്നു ക്യാപ്റ്റന്‍ രാഹുല്‍രാജ്, ലിജോ, സീസണ്‍, മിഥുന്‍, സജിത് പൗലോസ് എന്നിവരാണ് ടീമിലെത്തിയത്. ഗോള്‍കീപ്പര്‍ മിഥുനും രാഹുല്‍രാജും അടങ്ങുന്ന ബാങ്ക് നിരയുടെ പ്രകടനം ടീം സെലക്ഷന്‍ ശരിവയ്ക്കുന്നതായിരുന്നു.
പോലിസില്‍ നിന്നു വിപിന്‍ തോമസ്, ശ്രീരാഗ്, കെഎസ്ഇബിയിലെ അജ്മല്‍ എന്നിവരും കേരളത്തെ ടീമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.
Next Story

RELATED STORIES

Share it