wayanad local

സദാനന്ദന്റെ മരണം : പോലിസ് അന്വേഷണം ഊര്‍ജിതമാക്കി



പുല്‍പ്പള്ളി: സദാനന്ദന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായിരുന്ന സ്തീക്കായി പോലിസ് തെരച്ചില്‍ ആരംഭിച്ചു. പുല്‍പ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്ത വേലിയമ്പം സ്വദേശികളായ രണ്ടുപേരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. വീട്ടില്‍ വച്ച് ഇവര്‍ സദാനന്ദനുമായി വാക്കേറ്റമുണ്ടാവുകയും തുടര്‍ന്നാണ്ടായ സംഘര്‍ഷമാണ് മരണത്തിന് കാരണമെന്നുമാണ് സൂചന. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍ അന്വേഷണം ശക്തമാക്കും. പ്രതികളെ സ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയതിന് ശേഷമേ അറസ്റ്റ് ഉണ്ടാവുകയുള്ളു. വെള്ളിയാഴ്ച വൈകീട്ട് സദാനന്ദന്റെ വീട്ടില്‍ അലര്‍ച്ചയും മറ്റു കേട്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലിസ് കസ്റ്റഡിയിലെടുത്തവരില്‍ ഒരാളുടെ തലയില്‍ വെട്ടുകൊണ്ടതിന്റെ പാടുകളുമുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകളുണ്ടോയെന്ന് പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പുല്‍പ്പള്ളി സിഐ കെ എന്‍ സുലൈമാന്‍, എസ്‌ഐ എം എ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പുല്‍പ്പള്ളി താഴയങ്ങാടി ആനശ്ശേരിയില്‍ സദാനന്ദന്‍ (59) നെ കഴിഞ്ഞ ദിവസം വൈകുന്നേരം വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകായിരുന്നു. കുത്തഴിഞ്ഞ ജീവിതം നയിച്ചുപോന്നിരുന്ന സദാനന്ദന്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. പലപ്പോഴും പുറമേനിന്നുള്ളവര്‍ ഈ വീട്ടില്‍ സന്ദര്‍ശകരായെത്തിയിരുന്നു. വീട്ടിലെത്തിയവരുമായി ഉണ്ടായ പ്രശ്‌നങ്ങളാണോ മരണത്തിലേക്ക്  നയിച്ചതെന്ന് സംശയമുണ്ട്. സദാനന്ദനെതിരെ മുമ്പ് പല പോലിസ് കേസ്സുകളും ഉണ്ടായിരുന്നതായി സൂചനകളുണ്ട്. മരണത്തില്‍ ദുരൂഹതയുയര്‍ന്ന പശ്ചാത്തലത്തിലാണ് രണ്ടു പേരെ പുല്‍പ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നത്.
Next Story

RELATED STORIES

Share it