സദാചാരസംഹിതകള്‍ പാലിക്കാത്തവര്‍

വെട്ടും തിരുത്തും  -  പി  എ  എം  ഹനീഫ്
അഭിഭാഷകനും ഭിഷഗ്വരനും ഭരണാധികാരിക്കും എന്നതുപോലെ മാധ്യമപ്രവര്‍ത്തകനും ആയതിലെ മേലാളര്‍ക്കും സസൂക്ഷ്മം പാലിക്കേണ്ട എത്തിക്‌സ് പ്രചുരപ്രചാരത്തിലുണ്ട്. പക്ഷേ, ഒന്നോ രണ്ടോ ശതമാനം വ്യക്തികളും സ്ഥാപനങ്ങളും മാത്രമേ ആയത് നേര്‍രേഖ പാലിച്ച് കൃത്യമായി അനുഷ്ഠിക്കാറുള്ളൂ.
മോദി ഭരണകൂടം അധികാരത്തിലേറിയശേഷം ചില്ലറ ആനുകൂല്യങ്ങള്‍ക്കായിട്ടാവാം ചില മാധ്യമങ്ങള്‍ അമ്പരപ്പിക്കുംവിധമാണ് മോദി അനുകൂലികളുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കുന്നതും കൊല്ലാക്കൊലകളെ ന്യായീകരിക്കുന്നതും. കര്‍ണാടക തിരഞ്ഞെടുപ്പു ഫലം വന്നതിനെ തുടര്‍ന്ന് മോദി അനുകൂല അംബാനി ചാനലുകളും ചില ദേശീയ മാധ്യമങ്ങളും യാതൊരു ഉളുപ്പുമില്ലാതെയാണ് മോദിയെ ന്യായീകരിച്ചതും സംഘപരിവാര അനുകൂല ഭരണത്തിന് പട്ടുകുട നിവര്‍ത്തിയതും. ഇന്ത്യയില്‍ ഒരിടത്തും പണം വാരിയെറിയാതെ സംഘികള്‍ യഥാര്‍ഥ ജനപിന്തുണ ആര്‍ജിക്കുമെന്നത് നട്ടാല്‍ മുളയ്ക്കാത്ത നുണ മാത്രമാണ്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചില പത്രപ്രമുഖര്‍ തന്നെ സംഘപരിവാരത്തിന് വോട്ട് തേടി ജനമധ്യത്തിലിറങ്ങി കളിക്കുകയാണ്. എന്തിനേറെ, കേരളത്തില്‍ ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍പ്പോലും ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി പെരുംനുണകളാണ് ചില മാധ്യമങ്ങള്‍ കെട്ടഴിച്ചുവിടുന്നത്. ബിജെപി സ്ഥാനാര്‍ഥിയുടെ കാവ്യകലാവൈദഗ്ധ്യം പോലും ചില സാംസ്‌കാരിക നായകരെന്ന് അവകാശപ്പെടുന്നവര്‍ വോട്ടര്‍മാരോട് പെരുംനുണകളായി പറഞ്ഞുനടക്കുന്നു. കുറേ മലയാളവാക്കുകള്‍ നീളത്തില്‍ എഴുതി സ്‌കെയില്‍ വച്ച് അളന്നുമുറിച്ച് ഉണ്ടാക്കുന്നതാണ് ചെങ്ങന്നൂര്‍ ബിജെപി സ്ഥാനാര്‍ഥിയുടെ കവിത്വം. ആയതു മനസ്സിലാക്കാതെ എന്തെന്തു സംസ്‌കൃതജഡില സന്ദേശങ്ങളാണ് തപസ്യ സാഹിത്യകാരന്‍മാര്‍ തട്ടിമൂളിക്കുന്നത്.
പത്രങ്ങളും കേന്ദ്രസര്‍ക്കാര്‍ പരസ്യം മോഹിച്ചിട്ടാവാം ഇല്ലാത്തതും വല്ലാത്തതുമൊക്കെ എഴുതി പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴീ എത്തിക്‌സ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ കാരണമുണ്ട്. കേരള മന്ത്രിസഭ രണ്ടുവര്‍ഷം തികച്ചു എന്ന ലേബലില്‍ പാര്‍ട്ടിപത്രം നുണ എഴുതുന്നത്, അവിടത്തെ പത്രലേഖകരുടെ തലവേദന എന്നോര്‍ത്തു മറക്കാം. സത്യസമത്വാദികള്‍ക്കും നല്ലനടപ്പിനും പേരുകേട്ട മാധ്യമങ്ങളുടെ സ്ഥിതിയോ? പരസ്യങ്ങള്‍ കിട്ടുന്ന തോതനുസരിച്ച് ലൈസന്‍സില്ലാതെ വാഴ്ത്തിപ്പാടുകയാണ്. പത്രമാധ്യമങ്ങളോടും മറ്റ് ആ ഇനം പ്രസ്ഥാനങ്ങളോടും ഇത്രകണ്ട് മര്യാദകെട്ട് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു മന്ത്രിസഭ കേരളത്തില്‍ ഇതാദ്യമാണ്. നുണകള്‍ എഴുതിയിട്ടും ചാനല്‍ കാമറകളിലൂടെ പ്രചരിപ്പിച്ചിട്ടും മതിയാവാതെ മന്ത്രിമന്ദിരങ്ങളില്‍ കയറിയിറങ്ങി സ്‌തോത്രഗീതങ്ങള്‍ ആലപിക്കുന്ന മാധ്യമങ്ങളെപ്പറ്റിയും കേള്‍ക്കാനിടയായി. നഷ്ടത്തിലോടുന്ന സ്ഥാപനത്തെ കരകയറ്റാന്‍ എന്തു കോമാളിവേഷവും കെട്ടാന്‍ തയ്യാറാവുകയാണു ചിലര്‍.
മാധ്യമങ്ങളുടെ എത്തിക്‌സ് വിഷയം പറയുമ്പോള്‍ ഉന്തിക്കേറിവരുന്നൊരു വിഷയമാണ് നിപാ വൈറസിന്റെയും പേരാമ്പ്രയിലെ ലിനി എന്ന ആതുരശുശ്രൂഷകയുടെയും വാര്‍ത്തകള്‍. എന്തെന്ത് അതിശയോക്തികളാണ് ജനത്തെ ഭയപ്പെടുത്താന്‍ പാകത്തില്‍ പടച്ചുവിട്ടത്. വവ്വാലുകള്‍ എന്ന സാധുജീവിയെയും മാധ്യമങ്ങള്‍ വെറുതെവിട്ടില്ല. കാടാകെ വെട്ടിവെളുപ്പിച്ചപ്പോഴാണ് പാലും തേനും ലഭിക്കാതെ സാധുക്കള്‍ വവ്വാലുകള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങിയത്. കാര്യകാരണങ്ങള്‍ നേരും നുണയും വ്യവച്ഛേദിച്ച് തിരിച്ചറിയുകയോ പഠിക്കുകയോ ചെയ്യാതെ പ്രസ്‌ക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് വായില്‍ തോന്നിയത് എഴുതിയും കാണിച്ചും ജനത്തെ വിരട്ടുകയാണ്.
ഫോര്‍ത്ത് എസ്‌റ്റേറ്റില്‍പ്പെട്ടവര്‍ എന്ന് അഭിമാനിക്കുമ്പോള്‍ ആയതിന് ചില എത്തിക്‌സുകളും പാലിക്കണമെന്നത് ഈ മേഖല പഠിച്ചുറപ്പിക്കേണ്ടതുണ്ട്. വവ്വാലുകള്‍ സമ്മാനവും കറന്‍സിയടക്കിയ കവറുകളും നല്‍കില്ലല്ലോ. ആയതിനാല്‍ ആ ജന്തുവിനെപ്പറ്റി എന്തും ഏതും എഴുതാമെന്നത് സംഘപരിവാരത്തെ ചായംപൂശുന്നതുപോലെ നാണമില്ലാത്ത ഇടപാടുതന്നെയാണ്. തീര്‍ച്ച.                                 ി
Next Story

RELATED STORIES

Share it