kannur local

സദാചാരവിരുദ്ധ പ്രവര്‍ത്തനമെന്ന് പരാതി; പോലിസുകാരനു സ്ഥലംമാറ്റം

കണ്ണൂര്‍: കേസന്വേഷണത്തിന്റെ മറവില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പോലിസുകാരനെ അന്വേഷണവിധേയമായി സ്ഥലംമാറ്റി. തളിപ്പറമ്പ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന സിപിഒയെയാണ് ജില്ലാ പോലിസ് മേധാവി പാനൂര്‍ സ്‌റ്റേഷനിലേക്കു മാറ്റിയത്. പോലിസുകാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഗുരുതരമായ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്ത്രി ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലിസ് മേധാവി നടത്തിയ അന്വേഷത്തെ തുടര്‍ന്നാണ് ഇയാളെ സ്ഥലംമാറ്റിയത്. മോഷണക്കേസുകളില്‍ പിടിയിലാവുന്നവരുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും മറ്റും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിച്ച് പോലിസുകാരന്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ഒരു യുവതി വളപട്ടണം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നത്.
മോഷ്ടാക്കള്‍ പിടിയിലാകുമ്പള്‍ അവരുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും ചിലപ്പോള്‍ അമ്മമാരുടെയും ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കാറുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍ ചിലരുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലിസുകാര്‍ക്കു ലഭിക്കാറുണ്ട്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് പോലിസ് ഓഫിസര്‍ ഇവരെ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുന്നതെന്നാണു പരാതിയില്‍ പറയുന്നത്.
ഇതുസംബന്ധിച്ച് പോലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തി ജില്ലാ പോലിസ് മേധാവി ജി ശിവവിക്രമിനും തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിനും റിപോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണു അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്.

Next Story

RELATED STORIES

Share it