Flash News

സത്‌നാംസിങ് വധം: രണ്ടുപേര്‍ക്ക് എതിരേ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: ബിഹാര്‍ സ്വദേശി സത്‌നാംസിങിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം കോടതി ഇടപെടല്‍. കേസില്‍ രണ്ടു പ്രതികള്‍ക്കെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
കേസിലെ മൂന്നും ആറും പ്രതികളായ മഞ്ചേഷ്, ദിലീപ് എന്നിവര്‍ക്കെതിരേയാണ് അഞ്ചാം അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസ് പരിഗണിക്കുന്ന സമയങ്ങളില്‍ ഇവര്‍ സ്ഥിരമായി ഹാജരായിരുന്നില്ല. 2012 ഡിസംബറില്‍ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ആറു പ്രതികള്‍ ഉണ്ടായിരുന്നു. നാലാം പ്രതി ബിജു ആത്മഹത്യ ചെയ്തു. അനില്‍കുമാര്‍, വിവേകാനന്ദന്‍, പ്രതീഷ് എന്ന ശരത്പ്രകാശ്, മഞ്ചേഷ്, ദിലീപ് എന്നീ അഞ്ചു പ്രതികളാണു വിചാരണ നേരിടേണ്ടത്. 2012 ആഗസ്ത് ഒന്നാം തിയ്യതിയായിരുന്നു നിയമവിദ്യാര്‍ഥിയായ സത്‌നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. അമൃതാനന്ദമയി കടന്നുവരുമ്പോള്‍ അവരെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാര്‍ സത്‌നാമിനെ ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനുശേഷം ഇയാളെ കരുനാഗപ്പള്ളി പോലിസ് കസ്റ്റഡിയിലെടുത്ത് അടുത്ത ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം രാത്രിയോടെ സത്‌നാം മരിച്ചു. 70ഓളം മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നു.
മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സത്‌നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങും ബന്ധുക്കളും നിരവധി തവണ കേരളത്തിലെത്തി. മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തുവന്നതോടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. നാലു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2012 ഡിസംബറില്‍ കുറ്റപത്രം നല്‍കി.
പേരൂര്‍ക്കട മാനസിക ആരോഗ്യകേന്ദ്രത്തിലെ രണ്ടു ജീവനക്കാരും നാല് അന്തേവാസികളും ചേര്‍ന്ന് കേബിള്‍ വയറും ആയുധങ്ങളും ഉപയോഗിച്ചു നടത്തിയ മര്‍ദനത്തെ തുടര്‍ന്നാണു കൊല നടത്തിയതെന്നാ ണു കുറ്റപത്രത്തില്‍ പറയുന്നത്. എന്നാല്‍ പോലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുപ്രധാനമായ പല കാര്യങ്ങളും ഒഴിവാക്കിയായി ആരോപിച്ച് പിതാവ് ഹരീന്ദ്രകുമാര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസ് 40ലേറെ തവണയാണ് നീട്ടിവച്ചത്. സത്‌നാംസിങിന് നേരെ കരുനാഗപ്പള്ളി വള്ളിക്കാവിലെ മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നുണ്ടായ അക്രമസംഭവങ്ങളും കരുനാഗപ്പള്ളി പോലിസ് മര്‍ദിച്ചതായി പറയുന്ന കാര്യങ്ങളും കൊല്ലം ജില്ലാ ജയിലില്‍ നേരിടേണ്ടിവന്ന തിക്താനുഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണു പേരൂര്‍ക്കട പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നാണു പിതാവ് ആരോപിക്കുന്നത്. 171 പേജുകള്‍ ഉള്ള കുറ്റപത്രത്തിനൊപ്പം 79 സാക്ഷികളുടെ പട്ടികയും 109 രേഖകളും ഏഴു തൊണ്ടിമുതലുകളും അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it