Idukki local

സത്രം-പുല്ലുമേട് പാതയിലൂടെ 500ഓളം ഭക്തര്‍ സന്നിധാനത്തില്‍

സ്വന്തം പ്രതിനിധി

വണ്ടിപ്പെരിയാര്‍: രണ്ടു ദിവസമായി ചെയ്യുന്ന കനത്ത മഴയിലും ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത പാതയായ സത്രം- പുല്ലുമേട് പരമ്പരാഗത പാതയിലൂടെ അറുനൂറോളം അയ്യപ്പഭക്തര്‍ സന്നിധാനത്തേക്ക്  കടന്നുപോയി. ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴയാണ് പ്രദേശത്ത്. വ്യാഴാഴ്ച 280 അയ്യപ്പഭക്തര്‍ ഇതുവഴി കടന്നുപോയപ്പോള്‍ വെള്ളിയാഴ്ച 326 പേരാണ് പോയത്. 20 പേര്‍ വ്യാഴാഴ്ച ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ ഇത് വഴി മടങ്ങിയപ്പോള്‍ വെള്ളിയാഴ്ച ആരും മടക്കം ഇതുവഴി ആക്കിയില്ല. വണ്ടിപ്പെരിയാറ്റില്‍ നിന്ന് സത്രം ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കാല്‍നടയായാണ് സന്നിധാനത്തേക്കു പോവുന്നത്. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് ശേഷം 1 മണി വരെയാണ് കാനനപാതയിലൂടെ കടന്നുപോവാന്‍ അനുമതിയുള്ളത്. എന്നാല്‍ മഴ കനത്തതോടെ രാവിലെ 8.45നാണ് ആദ്യത്തെ സ്വാമിയെ കടത്തിവിട്ടത്. ഇതിനിടയില്‍ ഉപ്പുപാറയ്ക്കും പൂങ്കാവനത്തിനുമിടയില്‍ മരങ്ങള്‍ കടപുഴകി വീണതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഇത് വഴിയുള്ള അയ്യപ്പഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ സത്രത്തിലും പരിസര പ്രദേശങ്ങളും അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാത്രിയിലും മഴ തുടര്‍ന്നാല്‍ അടുത്ത ദിവസം സത്രം വഴിയുള്ള തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണു സാധ്യത. 1 മണിക്ക് പുറപ്പെടുന്നവര്‍ ആറ് മണിക്ക് മുമ്പായി സന്നിധാനത്ത് എത്തണമെന്ന നിര്‍ദ്ദേശവുമുണ്ട്. ഡോര്‍ ഫ്രയിം മെറ്റല്‍ ഡിറ്റക്റ്ററിലൂടെ ഭക്തരെ കടത്തിവിട്ടാണ് പോലിസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ഭക്തരുടെ പേരും വിലാസവും ഫോണ്‍ നമ്പരുകളും പോലിസ് ശേഖരിക്കുന്നുണ്ട്. ഒരു എസ്‌ഐയും 3 പോലിസ് ഉദ്യോഗസ്ഥരുമാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, കോഴിക്കോട്, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പരമ്പരാഗത പാത വഴി അയ്യപ്പഭക്തര്‍ കൂടുതല്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആയിരത്തോളം പേരുടെ വര്‍ധനവാണ് ഇത്തവണ. 16 ദിവസത്തിനുള്ളില്‍ 3440 പേര്‍ കടന്നുപോയപ്പോള്‍ 282ഓളം പേരാണ് ഇതുവഴി തിരിച്ചിറങ്ങിയത്. ആദ്യ പതിനഞ്ചിനുള്ളില്‍ തന്നെ ഇത്രയും പേര്‍ കടന്നുപോയത് വരുംദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ എത്തുമെന്ന സൂചനയാണ് നല്‍കുന്നത്.
Next Story

RELATED STORIES

Share it