സത്യവാങ്മൂലം നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനു സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: കേരളത്തിലെ ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഇതുവരെ പൂര്‍ത്തിയാക്കിയ നടപടിക്രമങ്ങളെക്കുറിച്ചു വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിനു നി ര്‍ദേശം നല്‍കി. നിലവില്‍ രജിസ്‌ട്രേഷന്‍ എടുക്കാത്ത ശിശുസംരക്ഷണ സ്ഥാപനങ്ങളോടു സര്‍ക്കാരിനുള്ള നിലപാട് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണു നിര്‍ദേശം. ബാലനീതി നിയമത്തിന്റെ മറവില്‍ യത്തീംഖാനകള്‍ക്ക് ഇരട്ട രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ്യംചെയ്തു സമസ്തയ്ക്കു കീഴിലുള്ള യത്തീംഖാനകള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണു നടപടി. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ രജിസ്‌്രേടഷന്‍ ചെയ്യാത്ത ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കു ചീഫ് സെക്രട്ടറി ഉത്തരവാദിയായിരിക്കുമെന്നും ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇന്നലെ കേസ് പരിഗണിക്കവെ ഒരു സംഭവത്തില്‍ ചീഫ് സെക്രട്ടറിക്ക് വ്യക്തിപരമായി ഉത്തരവാദിത്തം ഏറ്റെടുത്തു സത്യവാങ്മൂലം നല്‍കാന്‍ ബുദ്ധിമുട്ടുണ്ടെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി അറിയിച്ചു. രജിസ്‌ട്രേഷന്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോവാന്‍ തയ്യാറാണ്. ഇക്കാര്യത്തില്‍ കോടതിയുടെ എന്തു നിര്‍ദേശവും അംഗീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെയാണു രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായത്.കേരളത്തിലെ അനാഥാലയങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവന്ന മൂന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ വരെ താമസിക്കുന്നുണ്ടെന്നും അത്തരം സ്ഥാപനങ്ങളെ ബാലനീതി നിയമത്തില്‍ നിന്ന് ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അമിക്കസ്‌ക്യൂറി അപര്‍ണാ ഭട്ട് പറഞ്ഞു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവയാണ് കേരളത്തിലെ യത്തീംഖാനകളെന്നും ഏതു നിയമവിരുദ്ധ നടപടിയുണ്ടായാലും ക്രിമിനല്‍ക്കുറ്റത്തിന് കേസെടുത്ത് വിചാരണയ്ക്ക് ഉത്തരവിടാനുള്ള വകുപ്പ് അതിലുണ്ടെന്നും സമസ്തയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതോടെ, അമിക്കസ്‌ക്യൂറിയുടെ വാദം കോടതി തള്ളി.ബാലനീതി നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്താണു തടസ്സമെന്നു കോടതി സമസ്തയുടെ അഭിഭാഷകനോടു ചോദിച്ചു. ആത്മീയ സ്വഭാവമുള്ള സ്ഥാപനമായതിനാല്‍ എല്ലാ വിഭാഗം വിദ്യാര്‍ഥികളെയും പ്രവേശനം നല്‍കേണ്ടിവരുമെന്നും ശിശുസംരക്ഷണ നിയമപ്രകാരം യത്തീംഖാനയിലെ കുട്ടികളെ ദത്ത് നല്‍കുന്നതടക്കമുള്ള നടപടികള്‍ അനുകൂലിക്കേണ്ടി വരുമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it