Kottayam Local

സത്യപ്രതിജ്ഞാ വേദി എഐഎഡിഎംകെ കൈയടക്കി; ചടങ്ങിനിടെ നേരിയ സംഘര്‍ഷം

പീരുമേട്: ഗ്രാമപ്പഞ്ചായത്തിലേയ്ക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ വേദി എഐഎഡിഎംകെ പ്രവര്‍ത്തകര്‍ കൈയടക്കിയത് നേരിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. എഐഎഡി എംകെ സ്ഥാനാര്‍ഥി പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വിജയിച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയര്‍പ്പിക്കാന്‍ തേനി എംപി പാര്‍ഥിപന്റെ നേതൃത്വത്തിലാണ് അഞ്ച് വാഹനങ്ങളിലായി തമിഴ്‌നാട്ടിലെ മുന്‍ എംപിയും അവിടുത്തെ പ്രാദേശിക നേതാക്കളും എത്തിയത്. സത്യപ്രതി ജ്ഞാ വേദിയില്‍ പ്രധാനപ്പെട്ട രണ്ടു നേതാക്കളും സ്ഥാനം പിടിക്കുകയും തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍ക്ക് ഷാള്‍ അണിയിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇരു മുന്നണികളും ഇത് എക്യകണ്ഠമായി എതിര്‍ത്തു.
ഇതോടെ ചടങ്ങ് അലങ്കോലപ്പെട്ടു. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ എ ഐഎഡിഎംകെ പ്രവര്‍ത്തകര്‍ അവരുടെ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന വാര്‍ഡുകളിലെത്തി സമ്മാനങ്ങള്‍ നല്‍കിയ നടപടി വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് വേദി കൈയടക്കിയ നടപടിയുണ്ടായത്. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി വി ജോസഫ്, റിട്ടേണിങ് ഓഫിസര്‍ സതീഷ്‌കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ടിജി തോമസ് എന്നിവരും വേദിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പരിപാടി കഴിഞ്ഞെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് ഇവര്‍ ഷാള്‍ അണിയിക്കാന്‍ ശ്രമിച്ചതെന്നും എംപിയായതിനാലാണ് വേദി പങ്കിടാന്‍ അനുവദിച്ചതെന്നും റിട്ടേണിങ് ഓഫിസര്‍ സതീഷ്‌കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it