malappuram local

സത്യപ്രതിജ്ഞാ വേദിയെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു

എടപ്പാള്‍: കാലടി ഗ്രാമപ്പഞ്ചായത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞയെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പിന്നീട് കല്ക്ടറുടെ നിര്‍ദേശപ്രകാരം പോലിസ് സാന്നിധ്യത്തില്‍ ഇടതുവലത് അംഗങ്ങളുടെ സത്യപ്രതിജ്ഞ രണ്ടിടത്തായി നടത്തി. പത്തുവര്‍ഷമായി യുഡിഎഫ് ഭരിച്ചിരുന്ന കാലടിയില്‍ ഇപ്പോള്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചിട്ടുള്ളത്.
സത്യപ്രതിജ്ഞാ ചടങ്ങിനായി ഗ്രാമപ്പഞ്ചായത്ത് ഓഫിസിലേയ്ക്കു പോകുന്ന വഴിയോരത്തെ ഒഴിഞ്ഞ പറമ്പില്‍ എല്‍ഡിഎഫ് വേദിയൊരുക്കിയിരുന്നു. ഇവിടെ സത്യപ്രതിജ്ഞ ചെയ്യാന്‍ യുഡിഎഫ് അംഗങ്ങള്‍ തയ്യാറാവാതിരുന്നതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഗ്രാമപ്പഞ്ചായത്തംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും കക്ഷി നേതാക്കളുമായി ആലോചിക്കാതെ ഭരണകക്ഷി ഏകപക്ഷീയമായി പഞ്ചായത്ത് ഓഫിസിന് പുറത്തു നിര്‍മിച്ച വേദിയില്‍ സത്യപ്രതിജ്ഞ നടത്താനാവില്ലെന്നും യുഡിഎഫിലെ ഏഴ് അംഗങ്ങളും വാദിച്ചു. ഇവര്‍ പത്തുമണിക്ക് തന്നെ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയിരുന്നു. വരണാധികാരി മീര സത്യപ്രതിജ്ഞയ്ക്കായി യുഡിഎഫ് അംഗങ്ങളെ വിളിച്ചെങ്കിലും ഹാളിനു പുറത്തിറങ്ങാന്‍ തയ്യാറായില്ല. ഇതിനിടെ ഒരു സംഘം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഹാളിനകത്ത് കയറിയത് ഇരുവിഭാഗവുമായി സംഘര്‍ഷത്തിനിടയാക്കി.ഒരുമണിക്കൂറോളം ഇരുവിഭാഗവും തമ്മില്‍ വാഗ്വാദമുണ്ടായതോടെ വരണാധികാരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. കുറ്റിപ്പുറം പോലിസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ നിയന്ത്രിച്ചു.പിന്നീട് പുറത്തെ വേദിയില്‍ എല്‍ഡിഎഫ് അംഗങ്ങളും പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ യുഡിഎഫ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമായ എല്‍ഡിഎഫിലെ പി കെ ദിവാകരന് വരണാധികാരി ആദ്യം സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പിന്നീട് ദിവാകരനാണ് മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. സത്യപ്രതിജ്ഞയ്ക്കു ശേഷം പി കെ ദിവാകരന്റെ അധ്യക്ഷതയില്‍ ആദ്യ യോഗം ചേര്‍ന്നു.
Next Story

RELATED STORIES

Share it