സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ക്ഷണിച്ചു: പിണറായിക്ക് പിറന്നാള്‍ മധുരം നല്‍കി ഗൗരിയമ്മ

ആലപ്പുഴ: നിയുക്ത മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിക്കാന്‍ പിറന്നാള്‍ ദിവസത്തില്‍ മന്ത്രിസഭയുടെ നായകന്‍ പിണറായി വിജയന്‍ ഗൗരിയമ്മയുടെ വീട്ടിലെത്തി. പിണറായിയെയും സംഘത്തെയും മധുരവും സദ്യയും നല്‍കി ഗൗരിയമ്മ സ്വീകരിച്ചു.
നിയുക്ത മന്ത്രിമാരായ ജി സുധാകരന്‍, ഇ പി ജയരാജന്‍, ഡോ. തോമസ് ഐസക്, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ എന്നിവര്‍ക്കൊപ്പം ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയാണ് പിണറായി ഗൗരിയമ്മയുടെ ചാത്തനാട്ടുള്ള വസതിയിലെത്തിയത്. പിണറായിയുടെ പിറന്നാള്‍ ദിനമാണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞ ഗൗരിയമ്മ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തന്റെ ചിത്രം പതിച്ച കേക്ക് പിണറായി മുറിച്ചു. ആദ്യപങ്ക് ഗൗരിയമ്മ പിണറായിക്ക് നല്‍കി.
തുടര്‍ന്ന് പിണറായി ഗൗരിയമ്മയ്ക്കു മധുരം നല്‍കി. അല്‍പ്പനേരത്തെ കുശലപ്രശ്‌നങ്ങള്‍ക്കു ശേഷം കരിമീനും ചെമ്മീനുമടക്കമുള്ള വിഭവങ്ങളുമായി ഗൗരിയമ്മ ഒരുക്കിയ സദ്യയും കഴിച്ചാണ് പിണറായിയും സംഘവും മടങ്ങിയത്.
തിരഞ്ഞെടുപ്പില്‍ ജെഎസ്എസിന് സീറ്റു നല്‍കാത്തുമായി ബന്ധപ്പെട്ട് ഗൗരിയമ്മയുടെ പരിഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ഗൗരിയമ്മയ്ക്ക് ഒരു പിണക്കവും ഇല്ലെന്ന് പിണറായി മറുപടി നല്‍കി. ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ഗൗരിയമ്മ പറഞ്ഞു..
Next Story

RELATED STORIES

Share it