സത്യപ്രതിജ്ഞയ്ക്കു തൊട്ടുമുമ്പ് തമിഴ്‌നാട് എംഎല്‍എ അന്തരിച്ചു

മധുര: തമിഴ്‌നാട്ടില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് അണ്ണാ ഡിഎംകെ നേതാവ് അന്തരിച്ചു. തിരുപ്പറന്‍ കുന്ദ്രം നിയമസഭാ മണ്ഡലത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട എസ് എം സീനിവേല്‍(65) ആണു ഹൃദയാഘാതം മൂലം മരിച്ചത്.
സീനിവേലിന് ഭാര്യയും നാലു മക്കളുമുണ്ട്. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് മെയ് 18നാണു സീനിവേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദ്ദം വര്‍ധിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ മകന്‍ എസ് ശെല്‍വ കുമാര്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തിനിടെ ഇതു രണ്ടാംതവണയാണ് സത്യപ്രതിജ്ഞാദിവസം അണ്ണാ ഡിഎംകെ എംഎല്‍എ മരിക്കുന്നത്.
2011 ല്‍ സത്യപ്രതിജ്ഞയ്ക്കു മുമ്പ് പാര്‍ട്ടി എംഎല്‍എ എന്‍ മറിയം പിച്ചൈ മരിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു പോകവെ ചെന്നൈ തൃശ്ശിനാപ്പള്ളി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിലായിരുന്നു പിച്ചൈ മരിച്ചത്. സ്വകാര്യ ആശുപത്രിയിലാണ് ഇന്നലെ സീനിവേല്‍ മരിച്ചത്. ജയലളിതയെ അണ്ണ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത മെയ് 20ന്റെ പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ സീനിവേല്‍ പങ്കെടുത്തിരുന്നില്ല.
അതേസമയം മുഖ്യമന്ത്രി ജയലളിതയും ഡിഎംകെ നേതാക്കളായ എം കരുണാനിധിയും എം കെ സ്റ്റാലിനും ഇന്നലെ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. ജയലളിത ദൈവനാമത്തിലാണു സത്യപ്രതിജ്ഞ ചെയ്തത്. മനസ്സാക്ഷിയുടെ പേരിലാണു കരുണാനിധിയും സ്റ്റാലിനും സത്യപ്രതിജ്ഞയെടുത്തത്.
Next Story

RELATED STORIES

Share it