സത്യത്തിന്റെ വിജയം: സൈനബ

കോഴിക്കോട്: അന്വേഷണ ഏജന്‍സികള്‍ക്ക് മുകളില്‍ ഒരു നീതിപീഠവും അതിനും മുകളില്‍ അല്ലാഹുവിന്റെ ഒരു ഇടപെടലും ഉണ്ടാവുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് എന്‍ഐഎയുടെയും മറ്റും പീഡനങ്ങളില്‍ തളരാതിരുന്നതെന്ന് എ എസ് സൈനബ. ഇതു സത്യത്തിന്റെ വിജയമാണ്, ഒപ്പം നിന്നവരുടെയും പിന്തുണച്ചവരുടെയും- അവര്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന ഒന്നില്ലെന്ന് ആദ്യം മുതല്‍ എല്ലാ അന്വേഷണ ഏജന്‍സികളോടും മീഡിയകളോടും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ഹാദിയ തന്നെ പലവട്ടം പറഞ്ഞിട്ടും അവര്‍ അത് മനപ്പൂര്‍വം മറച്ചുവച്ചു. വ്യക്തി എന്ന നിലയ്ക്ക് എന്നെ മാത്രമല്ല ഞാന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെയും ഒരു സമുദായത്തെ തന്നെയും ഒന്നടങ്കം പ്രതിസ്ഥാനത്തു നിര്‍ത്തി ആക്രമിച്ചു.
ഭരണഘടനാവിരുദ്ധമായി ഞാനോ എന്റെ സംഘടനയോ ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. രാഷ്ട്രത്തോടും ഭരണഘടനയോടും പ്രതിബദ്ധതയുള്ളതുകൊണ്ടാണ് പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. മീഡിയകളില്‍ വരുന്ന വാര്‍ത്തകള്‍ സത്യമായിരിക്കുമെന്നും അന്വേഷണ ഏജന്‍സികള്‍ നിരപരാധികളെ വേട്ടയാടില്ലെന്നുമുള്ള ധാരണ തെറ്റാണെന്ന് അനുഭവംകൊണ്ട് വിശ്വസിക്കേണ്ടിവന്നു.
സത്യത്തോടൊപ്പം നില്‍ക്കുകയും നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്തവര്‍ക്ക്, അന്തിമമായി സത്യം വിജയിക്കുമെന്ന പ്രതീക്ഷയാണ് ഈ വാര്‍ത്ത. പ്രതിസന്ധിയില്‍ പ്രാര്‍ഥനയോടെ ഒപ്പം നില്‍ക്കുകയും ആശ്വാസം നല്‍കുകയും ചെയ്ത എല്ലാവരുടെയും വിജയമാണിത്- സൈനബ പറഞ്ഞു.

Next Story

RELATED STORIES

Share it