സത്യം പറ റഫേല്‍ എന്ന ബലാലേ!

നാട്ടുകാര്യം -  കുന്നത്തൂര്‍ രാധാകൃഷ്ണന്‍

റഫേല്‍ യുദ്ധവിമാന ഇടപാട് വിവാദത്തിന്റെ കൊടുങ്കാറ്റും ഇടിവെട്ടുമായി പരിണമിച്ചതോടെ മാധ്യമവിശാരദന്‍മാര്‍ പേനയും കൈയിലേന്തി അന്തിക്കള്ള് മോന്തി അന്തിച്ചിരിപ്പാണ്. ഒരു ഷെര്‍ലക് ഹോംസ് നോവല്‍പോലെ ഉദ്വേഗജനകമായി മുന്നേറുന്നുവെങ്കിലും സംഗതിയിലെ വികെഎന്‍ തമാശ തള്ളിക്കളയാനാവില്ല. ച്ചാല്‍, ഫ്രഞ്ച് മൂപ്പന്‍ സായിപ്പായ ഹൊളാന്‍ദ് ഒതളങ്ങ തിന്നുന്നതിനു മുമ്പും ശേഷവും പറഞ്ഞതിന്റെ പൊരുളെന്ത്? മൂപ്പന്‍ സായിപ്പ് ഫ്രഞ്ചിലാണ്, പാരിസ് ഷാംപയിനടിച്ച് വാ തുറന്നത്. ഫ്രഞ്ച്, പരന്ത്രീസിലേക്കു മൊഴിമാറ്റുമ്പോള്‍ വായബദ്ധവും പേനയബദ്ധവും സംഭവിക്കുക സാധ്യമാണ്. സംഭവാമി യുഗേ യുഗേ എന്ന പരംപൊരുള്‍പോലും അപ്രകാരം പണ്ട് സംഭവിച്ചതാണ്. തെളിച്ചുപറയുകയാണെങ്കില്‍ ഹൊളാന്‍ദിന്റെ അധികപ്രസംഗത്തിന്റെ ആന്തരാര്‍ഥമറിയണമെങ്കില്‍ മാഹിയില്‍ ചെന്ന് ഫിറ്റാവാന്‍ നില്‍ക്കാതെ ഫ്രഞ്ചിന്റെ മൂത്താരായ എം മുകുന്ദന്റെ സഹായം തേടണം. അതിനു ചങ്കൂറ്റമുള്ളവര്‍ ആരുണ്ട് എന്ന ചോദ്യം ഈ അണ്ഡകടാഹത്തിന്റെ ചുവരില്‍ തട്ടി മുഴങ്ങുന്നതു കേള്‍ക്കുന്നില്ലേ ബലാലുകളേ?
യുദ്ധവിമാനക്കരാര്‍ പരമരഹസ്യവും ദേശസുരക്ഷയെ ബാധിക്കുന്ന കാര്യവുമായതുകൊണ്ട് അതിന്റെ ഉള്ളറകളിലേക്കു കടക്കുന്നത് രാജ്യദ്രോഹമാവുമോ എന്നു കോരന്‍ എന്ന മാധ്യമപ്രവര്‍ത്തകന് അസാരം ശങ്കയുണ്ട്. എന്നാല്‍, പേനയെടുത്തുപോയതുകൊണ്ട് അതു താഴെ വയ്ക്കാനും നിവൃത്തിയില്ല. രാജ്യസുരക്ഷയ്ക്കു വേണ്ടി കുറേ പോര്‍വിമാനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു തന്നെ വൈകിയാണ്. അല്‍പം നേരത്തേ തീരുമാനിച്ചിരുന്നുവെങ്കില്‍ അതിര്‍ത്തി എന്നോ ശാന്തമാവുമായിരുന്നു. നുഴഞ്ഞുകയറ്റം പഴങ്കഥയാവുമായിരുന്നു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനം സര്‍വകലാശാലകളില്‍ ആചരിക്കേണ്ടിവരുകപോലുമില്ലായിരുന്നു. യുപിഎ സര്‍ക്കാര്‍ ആമയെ അനുകരിച്ചതിനാല്‍ കരാര്‍ നീണ്ടു. ഒരുമാതിരി ഒത്തുവന്നപ്പോള്‍ തിരഞ്ഞെടുപ്പായി. കാംഗ്രസ്സും മദാമ്മയും ഔട്ടായി. മോദിജിയും രാമഭക്തരും സജീവമായപ്പോള്‍ റഡാര്‍ സ്വയം എടുത്തണിഞ്ഞ് റഫേല്‍ ഇപ്രകാരം പറഞ്ഞു: ''മ്മളെ പ്പംത്തന്നെ കരാറാക്കിക്കോ! ഇനി വല്യ അവസരം കിട്ടീന്ന് വരില്ല.'' അങ്ങനെയാണു കൂട്ടരെ രാജ്യത്തിന്റെ അഭിമാനമായി റഫേല്‍ മാറിയത്. യുദ്ധവുമായി ബന്ധപ്പെട്ട 'മള്‍ട്ടി പര്‍പ്പസ്' സ്വിച്ചുകളാണ് മോനേ അയിനകത്ത്.
ശത്രുവിനെ ഒന്നടങ്കം തുരത്താന്‍ റഫേല്‍ സര്‍വസന്നാഹങ്ങളും ഓട്ടോമാറ്റിക്കായി സ്വീകരിച്ചുവരുന്നതിനിടയിലാണ്, കരാറുമായി ബന്ധപ്പെട്ട് ആരോ ചില്ലറ വാങ്ങി കുഞ്ചിയിലിട്ടു എന്ന് വെറും പപ്പൂസായ രാഹുലന്‍ പയ്യന്‍ പറഞ്ഞത്. രാഹുലന്‍, പാകിസ്താനുമായി ചേര്‍ന്ന് രാജ്യദ്രോഹമാണ് കളിക്കുന്നതെന്ന് രവിശങ്കര്‍പ്രസാദ് എന്ന മഹാമന്ത്രിക്ക് വിവരം കിട്ടിയിരിക്കുന്നു. 41,000 കോടി രൂപ അജ്ഞാതന്‍ കുഞ്ചിയിലിട്ടു എന്ന് പപ്പു പറയുന്നതിലെ തമാശകേട്ട് ഇന്ദ്രപ്രസ്ഥം ആകെ കുലുങ്ങിച്ചിരിക്കുകയാണ്. ഇത്രയും പണം സൂക്ഷിക്കാന്‍ കേന്ദ്രന്‍ കുഞ്ചിക്കമ്പനികളുമായി കരാറുണ്ടാക്കിയതില്‍ അഴിമതി നടന്നു എന്നുമാത്രം ചെക്കന്‍ പറഞ്ഞിട്ടില്ല. അതും സംഭവിച്ചുകൂടാതില്ല. മോദിജിയെ താഴെയിറക്കി, പ്രധാനമന്ത്രിയാവാന്‍ രാഹുലന്‍ ഒരു അന്താരാഷ്ട്ര സഖ്യമുണ്ടാക്കിയിട്ടുണ്ടല്ലോ! റഫേല്‍ അനുബന്ധ കരാര്‍ മ്മളെ എച്ച്എഎല്ലിനെ ഒഴിവാക്കി അനില്‍ അംബാനിയുടെ കമ്പനിക്ക് നല്‍കാന്‍ ശുപാര്‍ശ ചെയ്തത് കേന്ദ്രനാണെന്നാണു കണ്ടുപിടിത്തം. ഹൊളാന്‍ദിന് കാംഗ്രസ്സിലെ ചില ഫ്രഞ്ച് സ്‌നേഹികള്‍ ലാര്‍ജ് വാങ്ങിക്കൊടുത്ത് അദ്ദേഹത്തിന്റെ തിരുമൊഴി സമ്പാദിച്ചതാണെന്നു രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്. ലാര്‍ജിന്റെ കെട്ടുവിട്ടപ്പോള്‍ ഹൊളാന്‍ദ് പഞ്ചപ്പാവമായി മാറിയത് നിങ്ങള്‍ കണ്ടതാണല്ലോ! ''കരാര്‍ അംബാനിക്കു നല്‍കാന്‍ കേന്ദ്രന്‍ വല്ലാതെ വിയര്‍ത്തുവോ എന്ന കാര്യം ഞമ്മക്കറിയില്ല'' എന്നാണല്ലോ ഹൊളാന്‍ദ് ഓളംപോലെ ഒഴുകി പിന്നെ പറഞ്ഞത്. ഹൊളാന്‍ദിന്റെ തിരുമൊഴികളിലെ വൈരുധ്യം ജെയ്റ്റ്‌ലി ചൂണ്ടിക്കാണിച്ചിട്ടും രാഹുലന്‍ ആരോപണം തുടരുകയാണ്. ഈ സൂക്കേട് പെട്ടെന്നു മാറുമെന്നു തോന്നുന്നില്ല. ചന്തിക്ക് നാലു ചാട്ടവാറടി കൊണ്ടാലേ സംഗതി ശാന്തമാവൂ. പ്രധാനമന്ത്രി ചൗക്കിദാര്‍ വിരുദ്ധന്‍, നിര്‍മല നുണച്ചി, ജെയ്റ്റ്‌ലി രാജിവയ്ക്കണം, സിഎജി ശ്രാദ്ധമുണ്ണണം, സിവിസി ചുരമാന്തണം, അമ്മായിയമ്മ മരുമകള്‍ക്കിട്ട് നാലു പൂശണം... ഇതൊക്കെയാണ് ആവശ്യങ്ങള്‍. ഒലക്ക.
കരാര്‍മാമാങ്കം സംയുക്ത സഭാസമിതി അന്വേഷിക്കണമെന്നാണ് പപ്പു പയ്യന്റെ പുതിയ ആവശ്യം. ദേശസ്‌നേഹികളാരും ഇത് അംഗീകരിക്കുമെന്നു കരുതരുത് കോണ്‍ഗ്രസ്സേ! രാജ്യദ്രോഹത്തിന് ഒരു കണക്കുണ്ട്. തെളിച്ചുപറഞ്ഞാല്‍ റഫേല്‍ ഇടപാട് പുറത്തുവിടാനാവില്ല. പരമരഹസ്യമായ സംഭവം പുറത്തുവിട്ട് രാജ്യദ്രോഹത്തിന് വിചാരണ നേരിടാന്‍ കേന്ദ്രന്‍ തയ്യാറല്ല. ആ പൂതി മനസ്സിലുണ്ടെങ്കില്‍ അതു കുട്ടേട്ടന്റെ പീടികയില്‍ പണയം വച്ചിട്ട് ഡല്‍ഹിക്കു വണ്ടി കയറിയാല്‍ മതി മോനേ! ി
Next Story

RELATED STORIES

Share it