സണ്ണി ലിയോണിന്റെ കലാപരിപാടിക്ക് അനുമതി നിഷേധിച്ചു

ബംഗളൂരു: നടി സണ്ണി ലിയോണ്‍ ഈ മാസം 31നു നടത്താന്‍ നിശ്ചയിച്ച കലാപരിപാടിക്കു ബംഗളൂരു പോലിസ് അനുമതി നിഷേധിച്ചു. പുതുവര്‍ഷ ആഘോഷം നടക്കുന്നതിനാല്‍ ലിയോണിന്റെ കലാപരിപാടിക്കു പ്രത്യേക സുരക്ഷ ഒരുക്കാനാവില്ലെന്നു പോലിസ് സംഘാടകരെ അറിയിച്ചിട്ടുണ്ട്. സംഘാടകരുടെ പരാതിയില്‍ ഈ മാസം 25നകം ഉചിതമായ ഉത്തരവിറക്കാന്‍ കര്‍ണാടക ഹൈക്കോടതി പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു പോലിസ് ഉത്തരവ്.
ലിയോണിന്റെ കലാപരിപാടിക്ക് അനുമതി നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംഘാടകര്‍ കോടതിയെ സമീപിച്ചത്. പരിപാടിയുടെ നടത്തിപ്പുകാരായ ദി ടൈം ക്രിയേഷന്‍സിന്റെ ഉടമ എച്ച് എസ് ഭവ്യയാണു കോടതിയില്‍ ഹരജി നല്‍കിയത്. ചില കന്നഡ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയതിനാല്‍ അനുമതി നല്‍കാനാവില്ലെന്നു വാക്കാലാണു പോലിസ് അറിയിച്ചതെന്നു ഭവ്യ ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മാന്യത ടെക്പാര്‍ക്കിലാണ് സണ്ണി നൈറ്റ്‌സ് എന്നു പേരിട്ട കലാപരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.
പുതുവര്‍ഷ ആഘോഷത്തിനു വന്‍തോതില്‍ ജനങ്ങളെത്തുന്ന മഹാത്മാഗാന്ധി, ബ്രിഗേഡ് റോഡുകളിലടക്കം ക്രമസമാധാനം പാലിക്കേണ്ടതിനാല്‍ സണ്ണി ലിയോണിന്റെ പരിപാടിക്കു പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്നാണ് ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ എസ് ഗിരീഷ് സംഘാടകരെ അറിയിച്ചത്. പരിപാടിക്കു ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ക്കു സംഘാടകര്‍ വിശദീകരണം നല്‍കിയില്ലെന്നു പോലിസ് ചൂണ്ടിക്കാട്ടി.
പരിപാടി സംസ്‌കാരിക വിരുദ്ധമാണെന്ന് ആരോപിച്ചാണു കര്‍ണാടക രക്ഷന വേദികയും മറ്റു സംഘടനകളും പ്രതിഷേധിച്ചത്. പ്രതി—ഷേധക്കാര്‍ ലിയോണിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. പോലിസ് അനുമതി നിഷേധിച്ചാല്‍ താന്‍ പരിപാടിക്കില്ലെന്നു ലിയോണ്‍ നേരത്തെ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it