Idukki local

സഞ്ചാരികളൊഴുകുന്നു; മൂന്നാറില്‍ ഗതാഗതക്കുരുക്ക് രൂക്ഷം



മൂന്നാര്‍: തുടര്‍ച്ചയായ അവധിദിനങ്ങളില്‍ മൂന്നാറിലേക്ക് സഞ്ചാരികളൊഴുകുന്നു. എന്നാ ല്‍, ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും പരിഹാരമുണ്ടാക്കാനാവാതെ അധികൃതര്‍ കുഴങ്ങുകയാണ്. പോലിസിന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി ട്രാഫിക് കമ്മിറ്റികള്‍ കൂടുന്നുണ്ടെങ്കിലും ഫലമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാറിന്റെ വികസനം ട്രാഫിക്കില്‍ കുരുങ്ങിയിട്ടും ജനപ്രതിനിധികള്‍ക്ക് കുലുക്കമില്ലാത്തത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നു. സന്ദര്‍ശകരുടെ സഞ്ചാരസ്വാതന്ത്രത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജില്ലാ ഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കും കഴിയാത്തത് ആക്ഷേപത്തിനിടയാക്കുന്നു. ഓണാവധിക്കുമാത്രം അരലക്ഷത്തോളം സഞ്ചാരികളാണ് മൂന്നാറിലേക്ക് ഒഴുകിയെത്തിയത്. മൂന്നാറിലെ പ്രധാനവിനോദ സഞ്ചാരമേഖലയായ മാട്ടുപ്പെട്ടി, രാജമല, ആറ്റുകാട് എന്നിവിടങ്ങളിലേക്ക് എത്തിയ സഞ്ചാരികള്‍ അഞ്ചുമണിക്കൂറിലധികം ട്രാഫിക്ക് കുരുക്കിലകപ്പെടുകയും ചെയ്തു. ഗ്യാപ്പ് റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ഇടക്കിടക്ക് ഗതാഗതം തടസ്സപ്പെടുമെന്ന് ദേശീയപാത അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത് തമിഴ്—നാട്ടില്‍ നിന്ന് എത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഒരു കുറവുമുണ്ടായില്ല. 2018ല്‍ പൂക്കുന്ന നിലകുറുഞ്ഞി പൂക്കള്‍ കാണാന്‍ പതിനായിരകണക്കിന് സഞ്ചാരികള്‍ മൂന്നാറിലെത്തുമെന്നാണ് ജില്ലാ ടൂറിസം വകുപ്പ് അവകാശപ്പെടുന്നത്. ഇതിനുമുന്നോടിയായി മൂന്നാറിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കമ്മിറ്റി കൂടിയെങ്കിലും നടപടികള്‍ കടലാസിലൊതുങ്ങി. കാലവര്‍ഷത്തില്‍ ദേശീയപാതകളില്‍ വീണ മണ്ണുമാറ്റുന്നതിനുപോലും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. പതിനായിരങ്ങള്‍ മുടക്കി മൂന്നാറിന്റെ സൗന്ദര്യം ആസ്വാദിക്കാനെത്തുന്ന സഞ്ചാരികള്‍ക്കായി ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും അധികൃതര്‍ ഒരുക്കാത്തത് വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയാവുമെന്ന് പരാതിയുണ്ട്.
Next Story

RELATED STORIES

Share it