Pathanamthitta

സഞ്ചാരികളേ ഇതിലേ... വനഭംഗി ആസ്വദിച്ച് ഒരു യാത്ര

സ്വന്തം പ്രതിനിധി

പത്തനംതിട്ട:സാഹസിക യാത്ര ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് കോന്നിയിലേക്ക് സ്വാഗതം. കാടിന്റെ കുളിര്‍മയും രൗദ്രതയുമൊക്കെ ആസ്വദിച്ച് ഒരു യാത്ര പോകാം. നിബിഢ വനത്തിലൂടെ 61 കിലോമീറ്ററാണ് യാത്ര. ഇതിനായി പ്രത്യേകം ജീപ്പുകള്‍ തയ്യാറാക്കിയിട്ടുണ്ട്. രാവിലെ 8 മണിക്കാരംഭിക്കുന്ന യാത്ര വൈകിട്ട് നാലു മണിയോടെ അവസാനിക്കും.
കോന്നി ആനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന ജീപ്പ് നടുവത്തുമൂഴി, കാട്ടാത്തിപ്പാറ, കൊക്കാത്തോട്, കൊട്ടംപാറ, കുറിച്ചി ക്ഷേത്രം, നെല്ലിക്കപ്പാറ, തലമാനം, മണ്ണീറ, അടവി വഴി തിരിച്ചെത്തും. സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവം പകരുന്ന കാഴ്ചകളാണ് ഓരോ സ്ഥലത്തുമുള്ളത്. കുട്ടികള്‍ ഉള്‍പ്പടെയുള്ള കുടുംബത്തിന് ആസ്വദിക്കാവുന്ന വിധത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

ഒരു ജീപ്പിന് 3000 രൂപയാണ് ചാര്‍ജ്. വനം വന്യജീവി വകുപ്പിന് കീഴിലുള്ള കോന്നി വനവികാസ് ഏജന്‍സിക്കാണ് ചുമതല. മലമ്പണ്ടാര ഗോത്രസമൂഹത്തിന്റെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാട്ടാത്തിപ്പാറ നയനസുന്ദരമായ കാഴ്ചകളാണ് ഒരുക്കുന്നത്.
പ്രാചീന സംസ്‌കൃതിയുടെയും അച്ചന്‍കോവില്‍ നദീതട സംസ്‌കാരത്തിന്റെയും അവശേഷിപ്പുകളുള്ള വനാന്തര്‍ഭാഗത്തെ പുരാതന ക്ഷേത്രമാണ് കുറിച്ചി ക്ഷേത്രം. മനോഹരമായ ദൂരക്കാഴ്ചയാണ് നെല്ലിക്കപ്പാറ വ്യൂ പോയിന്റിന്റെ പ്രത്യേകത. അച്ചന്‍കോവില്‍ നദീതട സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ഇവിടെയും കാണാം. തലമാനം വനഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന കാട്ടരുവിയിലെ മണ്ണീറ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്.
ജീപ്പില്‍ കാനനഭംഗി ആസ്വദിച്ച് തിരിച്ചെത്തുന്നവര്‍ക്ക് അടവിയിലെ കുട്ട വഞ്ചി സവാരി ആസ്വദിക്കാനും അവസരമുണ്ട്. സഞ്ചാരികള്‍ക്ക് ഉച്ച ഭക്ഷണത്തിന് കൊക്കാത്തോട് സൗകര്യമൊരുക്കിയിട്ടുണ്ട്. വനയാത്രയ്ക്ക് താല്‍പ്പര്യമുള്ളവര്‍ നേരത്തെ ബുക്ക് ചെയ്യണം.
കാട്ടാത്തി ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ജീപ്പ് സഫാരി കോന്നിയില്‍ ഇന്നലെ മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. ഫോണ്‍: 0468 2247645.
Next Story

RELATED STORIES

Share it