kasaragod local

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ബേക്കലില്‍ സൈക്കിള്‍ ടൂറിസം

കാസര്‍കോട്: വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് വര്‍ധിപ്പിക്കുക, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് സെന്റര്‍ (ബിആര്‍ഡിസി) ജില്ലയില്‍ സൈക്കിള്‍ ടൂറിസം, ആര്‍ട്ട് വാക്ക് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. സൈക്കിള്‍ പെഡലുകളില്‍ ദൂരം താണ്ടുക എന്നതിനേക്കാള്‍ നാടിന്റെ സംസ്‌കാരവും ജീവിതരീതികളുമൊക്കെ തൊട്ടറിഞ്ഞ് കഥകളും അനുഭവങ്ങളും തേടുന്നവരാണ് പൊതുവെ സൈക്കിള്‍ ടൂറിസ്റ്റുകള്‍. ഭൂപ്രകൃതിക്കും ചുറ്റുപാടുകള്‍ക്കും ഏറെ അനുയോജ്യമാണ് സൈക്കിള്‍ ടൂറിസം. ആഗോള ടൂറിസം വിപണിയില്‍ ഓരോ വര്‍ഷവും വളര്‍ച്ചാനിരക്ക് കാണിക്കുന്ന മേഖലയാണ് ഇത്.
ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്റ് മുതലായ രാജ്യങ്ങളില്‍ ആസൂത്രിത സൈക്കിള്‍ ടൂറിസം ഇപ്പോള്‍ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഇന്ത്യയില്‍ ഒറ്റപ്പെട്ട സൈക്കിള്‍ ടൂറുകള്‍ നടക്കാറുണ്ടെങ്കിലും ആസൂത്രിത സൈക്കിള്‍ ടൂറിസം ഡെസ്റ്റിനേഷന്‍ നിലവില്‍ ഇല്ല.
ജില്ലയാകമാനം ഗ്രാമങ്ങളിലും പട്ടണങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന പുഴയോരങ്ങളും മലഞ്ചെരിവുകളും ബീച്ചുകളും കോട്ടകളും ആരാധനാലയങ്ങളുമൊക്കെ സൈക്കിള്‍ ടൂറിസത്തിന് അനുകൂലമായ ഘടകങ്ങളാണ്. തെയ്യം തറവാടുകളും മറ്റു അനുഷ്ഠാന കലാകേന്ദ്രങ്ങളുമൊക്കെ ബന്ധിപ്പിച്ചുള്ള തെയ്യം ടൂറുകള്‍ക്കും സാധ്യതകളുണ്ട്. സൈക്കിള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ തികച്ചും പരിസ്ഥിതി സൗഹൃദപരമാണ് എന്ന പ്രത്യേകതയുമുണ്ട്. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് സൈക്കിള്‍ ടൂറിസം നടപ്പിലാക്കുന്നത്. ബേക്കല്‍, വലിയപറമ്പ മേഖലകളില്‍ തുടക്കമാകും. പ്രചാരണാര്‍ത്ഥം ബേക്കലില്‍ ബീച്ച് സൈക്കിള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി പങ്കെടുപ്പിച്ച് കൊണ്ടുള്ള വിപുലമായ ഇവന്റ് നടത്താനാണ് ഉദ്ദേശിക്കുന്നത്.ബേക്കല്‍ ടൂറിസം മേഖലയിലെ മൈക്രോ ബീച്ചുകളെ ഓയിസ്റ്റഴ്‌സ് ബീച്ച്, കൈറ്റ്‌സ് ബീച്ച്, സാന്‍ഡ് ആര്‍ട്‌സ് ബീച്ച് എന്നിങ്ങനെ ഓരോ തീമുകളുടെ അടിസ്ഥാനത്തില്‍ വികസിപ്പിക്കുന്ന ‘അനുഭവവേദ്യ ടൂറിസം ബീച്ചുകള്‍’ എന്ന പദ്ധതിയുമായി സൈക്കിള്‍ ടൂറിസം ബന്ധിപ്പിക്കുന്നുമുണ്ട്. ഇതിന്റെ ഭാഗമായ പത്തു ബീച്ചുകളില്‍ സൈക്കിള്‍ ഹബുകള്‍ സ്ഥാപിക്കും.
ഓരോ ബീച്ചിലെയും ഡോക്കിങ് സ്‌റ്റേഷനുകളെയും യാത്രക്കാരെയും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബന്ധിപ്പിക്കും. ഇത് വഴി ഏതെങ്കിലും ഒരു ബീച്ചില്‍ നിന്നും സൈക്കിള്‍ സ്വീകരിക്കുന്ന ടൂറിസ്റ്റിന് സവാരിക്ക് ശേഷം മറ്റേത് ബീച്ചിലെ ഡോക്കിങ് സ്‌റ്റേഷനിലും സൈക്കിള്‍ തിരികെ ഏല്‍പ്പിക്കാനും പണമടക്കാനും സാധിക്കും.
കുടുംബശ്രീയുടെയോ മറ്റു സന്നദ്ധ സംഘങ്ങളുടെയോ നേതൃത്വത്തിലാണ് ദൈനം ദിന നടത്തിപ്പ് ഉദ്ദേശിക്കുന്നത്. ഇതിനു വേണ്ട പരിശീലനവും ബിആര്‍ഡിസി നല്‍കും.സൈക്കിള്‍ ടൂറിസത്തിനുള്ള അനുയോജ്യത കണക്കിലെടുത്ത് വലിയപറമ്പിലും പദ്ധതി നടപ്പിലാക്കും. 24 കിലോമീറ്ററോളം നീളത്തില്‍ കിടക്കുന്ന വീതികുറഞ്ഞ വലിയപറമ്പ് ദ്വീപിലൂടെ ഒരു വശത്ത് കടലും മറുവശത്ത് കായലും കണ്ടു കൊണ്ടുള്ള സൈക്കിള്‍ സവാരിയുടെ അപൂര്‍വത ടൂറിസ്റ്റുകള്‍ക്ക് നവ്യാനുഭവം നല്‍കാന്‍ ഉതകുന്നതാണ്. ബേക്കല്‍ ബീച്ചില്‍ ആര്‍ട്ട് വാക്ക് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 400 മീററര്‍ നീളത്തിലുള്ള ഇടമുറിയാത്ത നടപ്പാതയുണ്ടാകും. പാതയോരങ്ങളില്‍ പെയിന്റിങുകളും ശില്‍പങ്ങളും ഇല്ലസ്‌ട്രേഷനുകളും ഉള്‍പ്പെടെ നൂറോളം കലാസൃഷ്ടികള്‍ സ്ഥിരമായി സജ്ജീകരിക്കും. ഇന്ററാക്റ്റീവ് ആര്‍ട്ടിന് പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിക്കും. സഞ്ചാരികള്‍ക്ക് സെല്‍ഫി പോയിന്റുകള്‍ ഉണ്ടാകും. പ്രാദേശിക കലാകാരന്മാര്‍ക്ക് മികച്ച അവസരം നല്‍കുന്നതാണ് പദ്ധതി.
ബീച്ച് പാര്‍ക്ക് നവീകരണത്തിന് സംസ്ഥാന ടൂറിസം വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആര്‍ട്ട് വാക്കും സൈക്കിള്‍ ടൂറിസവുമായ ബിആര്‍ഡിസിയുടെ ബേക്കല്‍ കള്‍ച്ചറല്‍ സെന്റര്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് 12ന്് ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it