സഞ്ചരിക്കുന്ന വെറ്ററിനറി യൂനിറ്റുമായി മൃഗസംരക്ഷണ വകുപ്പ്; തുടക്കം കൊല്ലം ജില്ലയില്‍

തിരുവനന്തപുരം: ആധുനിക സംവിധാനങ്ങളടങ്ങിയ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂനിറ്റുമായി മൃഗസംരക്ഷണ വകുപ്പ്. ഇന്ത്യയില്‍തന്നെ ആദ്യമായാണ് മൃഗ സംരക്ഷണത്തിന് അത്യാധുനിക രീതിയിലുള്ള ആംബുലന്‍സ് തയ്യാറാക്കിയിരിക്കുന്നത്.
ശീതികരിച്ച ഈ വാഹനത്തില്‍ കംപ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി സൗകര്യമുള്ള മൊബൈല്‍ എക്‌സ്‌റേ സംവിധാനം, അള്‍ട്രാസൗണ്ട് സ്‌കാനര്‍, സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുന്ന കാമറ സംയോജിപ്പിച്ച ടെലിമെഡിസിന്‍ സൗകര്യം, തളര്‍ച്ച ബാധിച്ച പശുക്കളെ ഉയര്‍ത്താനുള്ള ഉപകരണങ്ങള്‍ എന്നിവയെല്ലാമുണ്ട്. വിദൂര സ്ഥലങ്ങളില്‍ വിദഗ്ധ ചികില്‍സ വേണ്ടിവരുന്ന മൃഗങ്ങളുടെ സേവനത്തിനാണ് യൂനിറ്റ് ഫലപ്രദമാവുന്നത്. വാഹനത്തി ല്‍ ഘടിപ്പിച്ചിട്ടുള്ള ടെലി മെഡിസിന്‍ സാങ്കേതിക വിദ്യയിലൂടെ ചികില്‍സ ആവശ്യമായ മൃഗത്തിന്റെ എക്‌സ്‌റേ, സ്‌കാനിങ് ചിത്രം എന്നിവ 3ജി സംവിധാനത്തിലൂടെ ബേസ് സ്റ്റേഷനിലെ വിദഗ്ധരുടെ വിലയിരുത്തലിനു വിധേയമാക്കും. വെബ് കാമറകളുടെ സഹായത്താല്‍ മറ്റ് വിദഗ്ധരുമായി ചര്‍ച്ച ചെയ്ത് മികച്ച സേവനം ലഭ്യമാക്കാനും സാധിക്കും.
ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ലബോറട്ടറി പരിശോധനകള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും വാഹനത്തില്‍ ലഭ്യമാണ്. അപ്രതീക്ഷിതമായി തളര്‍ച്ച ബാധിച്ച മൃഗങ്ങളെ ഉയര്‍ത്തി ചികില്‍സ തുടരുന്നതിന് സി-ഡാക് രൂപകല്‍പന ചെയ്ത അനിമല്‍ ലിഫ്റ്റിങ് ഉപകരണവും വാഹനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. കര്‍ഷകരുടെ വീട്ടുപടിക്ക ല്‍ മികച്ച സേവനം ലഭ്യമാക്കാ ന്‍ ലക്ഷ്യമിടുന്ന പ്രൊജക്ട്, മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 99.7 ലക്ഷം രൂപ മുടക്കി സി-ഡാക്ക് മുഖേനയാണ് സാക്ഷാല്‍കരിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുക. ആറ് മാസത്തിനു ശേഷം പദ്ധതി സംസ്ഥാനത്ത് വ്യാപകമാക്കും. രോഗം ബാധിച്ച മൃഗങ്ങള്‍ക്കു വേണ്ടി ഇലക്ട്രോണിക് മെഡിക്കല്‍ റെക്കോഡ് (ഇഎംആര്‍) മൊബൈല്‍ യൂനിറ്റില്‍ തയ്യാറാക്കും. ഇത് 3ജി സംവിധാനം വഴി വെറ്ററിനറി ആശുപത്രിയിലേക്ക് അയക്കും.
വെറ്ററിനറി ആശുപത്രിയിലേക്ക് റിപോര്‍ട്ട് അയക്കുന്നത് മൃഗങ്ങളെ ആശുപത്രിയിലെത്തിക്കുന്ന സമയത്ത് ഗുണം ചെയ്യും. ഇഎംആറില്‍ ഉണ്ടാവുന്ന വ്യത്യാസം മൊബൈല്‍ യൂനിറ്റിലെ സെര്‍വറിലും അതോടൊപ്പം ആശുപത്രിയിലെ സെര്‍വറിലും നിരീക്ഷിക്കപ്പെടും.
മൊബൈല്‍ യൂനിറ്റിലുള്ള ഡോക്ടര്‍ക്ക് ആവശ്യമെങ്കില്‍ മറ്റ് ഡോക്ടര്‍മാരുടെ സഹായം തേടുന്നതിനും അവരുമായി സംസാരിക്കുന്നതിനുമുള്ള വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും വാഹനത്തിലുണ്ട്. വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ വാഹനത്തിലുള്ള ജനറേറ്റര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കും. ഒരു ഡോക്ടറും ഒരു ടെക്‌നീഷ്യനും ഡ്രൈവറുമാവും വാഹനത്തിലുണ്ടായിരിക്കുക.
Next Story

RELATED STORIES

Share it