Flash News

സച്ചാറിനുള്ള ശ്രദ്ധാഞ്ജലി മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കല്‍: ഡോ സെയ്ദ് സഫര്‍ മഹ്മൂദ്‌

ന്യൂഡല്‍ഹി: സച്ചാര്‍ റിപോര്‍ട്ടിന്റെ ശില്‍പിക്ക് ആദരവ് രേഖപ്പെടുത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ഭരണത്തില്‍ മുസ്‌ലിം പ്രാതിനിധ്യം വര്‍ധിപ്പിക്കലാണെന്നു സകാത്ത് ഫൗണ്ടേഷന്‍ ചെയര്‍മാനും സച്ചാര്‍ കമ്മിറ്റി (സ്‌പെഷ്യല്‍ ഡ്യൂട്ടി) അംഗവുമായിരുന്ന ഡോ. സെയ്ദ് സഫര്‍ മഹ്മൂദ്. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഡല്‍ഹിയിലെ ആസ്ഥാനത്ത് സംഘടിപ്പിച്ച രജീന്ദര്‍ സച്ചാര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍ദിതരായ ഒരു ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്തിയ ഈ നൂറ്റാണ്ടിലെ മഹദ് വ്യക്തിത്വമാണ് രജീന്ദര്‍ സച്ചാറെന്നും അദ്ദേഹം അനുസ്മരിച്ചു.
സച്ചാര്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ ആത്മമിത്രം മാത്രമല്ല അവരുടെ യഥാര്‍ഥ നേതാവാണെന്നു പോപുലര്‍ ഫ്രണ്ട് ദേശീയ കമ്മിറ്റിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കമ്മിറ്റി ആത്മാര്‍ഥമായി കടമ നിര്‍വഹിച്ചുകഴിഞ്ഞു. ഇനി ഭരണസിരാ കേന്ദ്രങ്ങളില്‍ സ്ഥാനമുറപ്പിക്കേണ്ടത് മുസ്‌ലിംകളാണെന്നും എങ്കില്‍ മാത്രമേ അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുകയുള്ളൂവെന്നും രജീന്ദര്‍ സച്ചാര്‍ താനുമായുള്ള ഒരഭിമുഖത്തില്‍ പറഞ്ഞത് അദ്ദേഹം ഓര്‍ത്തു. സങ്കല്‍പ്പിക്കാന്‍ പറ്റാത്ത തരത്തിലുള്ള ലളിതജീവിതത്തിനുടമയായിരുന്നു  മുത്തച്ഛനെന്ന് രജീന്ദര്‍ സച്ചാറിന്റെ ചെറുമകന്‍ അഡ്വ. അക്ഷയ് ബന്ധാരി പറഞ്ഞു. അദ്ദേഹം ആര്‍ക്കെതിരേയും വിവേചനം കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.  സമത്വത്തില്‍  ഉറച്ചുവിശ്വസിച്ചിരുന്നെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് സച്ചാര്‍ അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുള്ള പ്രചോദനവും ഉള്‍പ്രേരകവുമായിരുന്നെന്നു പ്രഫ. പി കോയ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം അന്തരിച്ച ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് വൈസ് പ്രസിഡന്റ്  മൗലാന മുഹമ്മദ് സലിം ഖാസിമി, ് അഹ്‌ലെ ഹദീസ് മുന്‍ ജനറല്‍ സെക്രട്ടറി മൗലാനാ അബ്ദുല്‍ വഹാബ് ഖില്‍ജി എന്നിവരെയും ചടങ്ങില്‍ അനുസ്മരിച്ചു. പോപുലര്‍ ഫ്രണ്ട് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് പര്‍വേസ് അഹ്മദ്, സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇല്യാസ്, ഡോ. മുഹമ്മദ് ഷമൂന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it