kozhikode local

സച്ചാര്‍ സത്യത്തോട് നീതിപുലര്‍ത്തിയ ചരിത്രപുരുഷന്‍: ഡോ. ഫസല്‍ ഗഫൂര്‍

കോഴിക്കോട്: സത്യത്തോട് എന്നും നീതിപുലര്‍ത്തിയ ചരിത്ര പുരുഷനായിരുന്നു ജസ്റ്റിസ് രജീന്ദര്‍ സച്ചാറെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍. ഇന്ത്യയിലെ മുസ്‌ലീങ്ങള്‍ ദലിതുകളെക്കാള്‍ പിന്നാക്കമാണെന്ന് കൃത്യമായ സ്ഥിതിവിവരകണക്കുകളോടെ സമര്‍ഥിച്ച സച്ചാര്‍ മുസ്‌ലിം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ നിസ്തുലമാണെന്നും അദ്ദേഹം പറഞ്ഞു.
കാലിക്കറ്റ് ടവര്‍ ഹോട്ടലില്‍ എംഇഎസ് ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച സച്ചാര്‍ സമൃതി സദസില്‍ സംസാരിക്കുകയായിരുന്നു ഫസല്‍ഗഫൂര്‍. ഇന്ത്യയിലെ മുസ്‌ലിങ്ങളുടെ സംസ്ഥാനം തിരിച്ചുള്ള വിദ്യാഭ്യാസ, സാമൂഹിക അവസ്ഥകളെ വ്യക്തമായി മനസിലാക്കിയാണ് അദ്ദേഹം ‘സച്ചാര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. ഇൗ റിപോര്‍ട്ടിന്റെ ഗുണം കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും ഫസല്‍ഗഫൂര്‍ അനുസ്മരിച്ചു. സോഷ്യലിസ്റ്റ് സമീപനം പുലര്‍ത്തിയ മാതൃകാ വ്യക്തിത്വമായിരുന്നു സച്ചാറെന്ന് തുടര്‍ന്ന് സംസാരിച്ച ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് പറഞ്ഞു.
ദീര്‍ഘ വീക്ഷണവും സാമൂഹികബോധവും തന്റെ വിധി ന്യായങ്ങളില്‍ പ്രകടിപ്പിച്ച നല്ലൊരു ന്യായധിപനായിരുന്നു അദ്ദേഹമെന്നും സിദ്ദീഖ് അനുസ്മരിച്ചു. നൂറുശതമാനവും സത്യസന്ധമായി ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ റിപോട്ട് ചെയ്ത സച്ചാര്‍ എല്ലാം കൊണ്ടും ആദരവര്‍ഹിക്കുന്ന വ്യക്തിത്വത്തിനുടമയാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.
ചടങ്ങില്‍ എംഇഎസ് ജില്ലാ പ്രസിഡന്റ്് സി ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍(കെഎന്‍എം) സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈന്‍ മടവൂര്‍, പി കെ അബ്ദുല്‍ ലത്വീഫ്, പി എച്ച് മുഹമ്മദ്, എ ടി എം അശ്‌റഫ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it