സചിന്‍ തന്റെ പ്രതിഭ ഉപയോഗപ്പെടുത്തിയില്ലെന്ന് കപിലിന്റെ രൂക്ഷവിമര്‍ശനം

ദുബയ്: തന്നിലെ പ്രതിഭ വേണ്ടപോലെ വിനിയോഗിക്കാന്‍ സചിന്‍ ടെണ്ടുല്‍ക്കര്‍ ശ്രമിച്ചില്ലെന്ന് രാജ്യത്തിന് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകന്‍ കപില്‍ദേവ് അഭിപ്രായപ്പെട്ടു. ഡബിള്‍ സെഞ്ച്വറിയും ട്രിപ്പിള്‍ സെഞ്ച്വറിയും ക്വാഡ്രിപ്പിള്‍ സെഞ്ച്വറിയുമെല്ലാം നേടാന്‍ തക്ക കഴിവുണ്ടായിട്ടും സചിന്‍ അത് ഉപയോഗപ്പെടുത്തിയില്ലെന്നും മുന്‍ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ കപില്‍ തുറന്നടിച്ചു.
ചില കാര്യങ്ങള്‍ തുറന്നുപറയുന്നതുകൊണ്ട് തന്നെ തെറ്റിദ്ധരിക്കരുതെന്ന മുഖവുരയോടെയാണ് കപില്‍ സചിനെതിരേ ആഞ്ഞടിച്ചത്. മുംബെയിലെ ചില ക്രിക്കറ്റ് ബിംബങ്ങളെ കണ്ടു പഠിച്ചതാണ് സചിനു വിനയായത്. സാധാരണ ക്രിക്കറ്റ് കളിച്ചിരുന്ന മുംബൈയിലെ ക്രിക്കറ്റര്‍മാരെ വിട്ട് സചിന്‍ വിന്‍ഡീസിന്റെ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനൊപ്പമായിരുന്നു കൂടുതല്‍ സമയം ചിലവിടേണ്ടിയിരുന്നത്. റിച്ചാര്‍ഡ്‌സിനെപ്പോലെ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ സചിന് നിഷ്പ്രയാസം സാധിക്കുമായിരുന്നു. അടുത്തിടപഴകാന്‍ അവസരം ലഭിച്ചിരുന്നുവെങ്കില്‍ വീരേന്ദര്‍ സെവാഗിനെപ്പോലെ കളിക്കണമെന്നായിരിക്കും താന്‍ സചിനെ ഉപദേശിക്കുക.
സെവാഗിനെപ്പോലെ കളിച്ചിരുന്നെങ്കില്‍ സചിന്‍ ഇതിലും വലിയ ക്രിക്കറ്റര്‍ ആവുമായിരുന്നു. എന്നാല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നതിന് പകരം താന്‍ വന്ന മുംബൈ ക്രിക്കറ്റിന്റെ പിന്നാമ്പുറങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു സചിനിലെ പ്രതിഭയെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
ജുമൈറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുന്‍ താരങ്ങളായ ഷെയ്ന്‍ വോണ്‍, വസീം അക്രം, വഖാര്‍ യൂനുസ്, ഇയാന്‍ ബോത്തം എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it