wayanad local

സങ്കുചിത കാഴ്ചപ്പാടുകള്‍ വെടിയണം: മാനന്തവാടി വികസന സമിതി

മാനന്തവാടി: ചെറിയ ജില്ലയായ വയനാടിനെ ഒന്നായി കാണാനും വികസനകാര്യങ്ങളില്‍ ഒരുമിച്ച് നിന്നു പ്രവര്‍ത്തിക്കാനും എല്ലാവരും തയ്യാറാവണമെന്നു മാനന്തവാാടി വികസന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാത്രിയാത്രാ ഗതാഗത നിരോധനം, അന്തര്‍സംസ്ഥാന റോഡ് വികസനം, ജില്ലയിലൂടെയുളള റെയില്‍വേ തുടങ്ങിയ വിഷയങ്ങളില്‍ സങ്കുചിത കാഴ്ചപ്പാട് വെടിയണം. ജില്ലയുടെ പൊതുവായ വികസനത്തിന് പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവര്‍ക്ക് മാനന്തവാടി വികസന സമിതി പിന്തുണ നല്‍കും.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാനന്തവാടി-മൈസൂരു റോഡിലാണ് രാത്രിയാത്രാ നിരോധനം ആദ്യം ഏര്‍പ്പെടുത്തിയത്. അന്നു ജില്ല ഒരു മനസ്സോടെ പ്രതിഷേധം ഉയര്‍ത്താതിരുന്നതാണ് പിന്നീട് ദേശീയപാതയിലടക്കം രാത്രിയാത്രാ നിരോധനത്തിന് വഴിവച്ചത്. മാനന്തവാടി-ബാവലി-മൈസൂരു റോഡിലെ രാത്രിയാത്രാ നിരോധന സമയം വൈകീട്ട് ആറില്‍ നിന്നു രാത്രി ഒമ്പതാക്കി മാറ്റാനുള്ള നിര്‍ദേശത്തിന് പോലും ജില്ലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ തുറന്ന പിന്തുണ നല്‍കുന്നില്ല. ഈ ആവശ്യമുന്നയിച്ച് കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍ക്ക് മാനന്തവാടി വികസന സമിതി നിവേദനം നല്‍കും.
പക്രംതളം ചുരം വഴി മാനന്തവാടി-ഗോണിക്കുപ്പ റോഡ് ദേശീയപാതയായി വികസിപ്പിക്കുകയെന്ന ആവശ്യം ന്യായമാണ്. ഈ റോഡിനെതിരേ ചിലര്‍ രംഗത്തുവന്നത് വസ്തുതകള്‍ മനസ്സിലാക്കാതെയാണ്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സമസ്ത രംഗങ്ങളിലും പിന്നാക്കം നില്‍ക്കുന്ന ജില്ലയുടെ പൊതുവായ വികസനത്തിന് സങ്കുചിത പ്രാദേശിക വാദങ്ങള്‍ മറന്നു പ്രവര്‍ത്തിക്കണമെന്നും ഇതിനു ജനപ്രതിനിധികള്‍ നേതൃത്വം നല്‍കണമെന്നും പ്രസിഡന്റ് ഇ എം ശ്രീധരന്‍, ജോയിന്റ് സെക്രട്ടറിമാരായ ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, കെ എം ഷിനോജ്, അംഗങ്ങളായ എന്‍ എ ഫൗലാദ്, സൂപ്പി പള്ളിയാല്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it