Kottayam Local

സങ്കടം ബോധിപ്പിക്കാനെത്തിയ രക്ഷിതാക്കളെ ഹെഡ്മാസ്റ്റര്‍ അധിക്ഷേപിച്ചതായി പരാതി

ഏറ്റുമാനൂര്‍: വിദ്യാര്‍ഥിനിക്ക് സ്‌കൂളില്‍ മാനസിക പീഡനം നേരിട്ടതിനെ തുടര്‍ന്ന് ഈ വിഷയം ബോധിപ്പിക്കാനെത്തിയ രക്ഷിതാക്കളെ പ്രധാന അധ്യാപകന്‍ അധിക്ഷേപിച്ച് ഇറക്കി വിട്ടതായി പരാതി.
ദലിത് ക്രൈസ്ത വിഭാഗത്തില്‍പ്പെട്ട കോതനല്ലൂര്‍ മേച്ചേരിയില്‍ ബിനോയി സെബാസ്റ്റ്യനെയും, ഭാര്യ മിനിയെയും കോട്ടയ്ക്കുപുറം ഗവ. യുപി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ യു കെ ഷാജി അധിക്ഷേപിച്ച് ഇറക്കി വിട്ടെന്നാണ് പരാതി. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന മകളെ രണ്ടാം ക്ലാസ് മുതല്‍ കൂടെ പഠിക്കുന്ന ചില കുട്ടികള്‍ പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതില്‍ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയാണെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
നിരന്തരമായ പീഡനം സഹിക്കാനാവാതെ മാനസികമായി തകര്‍ന്ന കുട്ടി ക്ലാസില്‍ നിന്ന് ഇറങ്ങി ഓടി അമ്മയുടെ അടുത്തെത്താന്‍ റോഡില്‍ കൂടി വന്ന ഓട്ടോയില്‍ കയറുകയും ഇതു സ്‌കൂളിലെ അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തിരികെ ക്ലാസിലെത്തിച്ച സംഭവവുമുണ്ടായി. കുട്ടിയെ ഒറ്റപ്പെടുത്തുന്നതിനായി സഹപാഠികള്‍ ക്ലാസില്‍ നറുക്കെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
കുട്ടി നേരിടുന്ന മാനസികമായ പീഡനങ്ങള്‍ മുമ്പ് സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍  ആദ്യമൊക്കെ ബാലക്രീഡ എന്ന പേരില്‍ ഒഴിവാക്കുകയാണ് ഹെഡ്മാസ്റ്റര്‍ ചെയ്തത്. മാനസിക പീഡനം ആവര്‍ത്തിക്കപ്പെട്ടതോടെ വീണ്ടും ഇതു ഹെഡ്മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിനായി ഹെഡ് മാസ്റ്റര്‍ നിര്‍ദേശിച്ച സമയത്ത് തങ്ങള്‍ സ്‌കൂളില്‍ ചെന്ന തങ്ങളെ സംസാരിക്കുന്നതിനിടയില്‍ ഹെഡ്മാസ്റ്റര്‍ ക്ഷുഭിതനായി അധിക്ഷേപിച്ച് ഇറക്കിവിടുകയായിരുനെന്ന് ബിനോയി ഡിഡിഇയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it