സഖ്യ രൂപീകരണം സ്വാഗതം ചെയ്ത് പ്രാദേശിക പാര്‍ട്ടികള്‍

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്കെതിരേ ജനതാദളിനു മുഖ്യമന്ത്രി പദം നല്‍കി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് നടപടിയെ പ്രശംസിച്ച് പ്രാദേശിക പാര്‍ട്ടികള്‍. ബിജെപിക്കെതിരേ കോണ്‍ഗ്രസ് സ്വീകരിച്ചത്് യുക്തിസഹമായ നടപടിയാണെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പ്രതികരിച്ചു. സംസ്ഥാനത്തു നിന്ന് ബിജെപിയെ തുടച്ചുനീക്കിയതിനു കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിക്ക് പവാര്‍ അഭിനന്ദനമറിയിച്ചു. ജനാധിപത്യം വിജയിച്ചുവെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.
എച്ച് ഡി ദേവഗൗഡയെയും എച്ച് ഡി കുമാരസ്വാമിയെയും കോണ്‍ഗ്രസ്സിനെയും മറ്റുള്ളവരെയും അഭിനന്ദിക്കുന്നു. പ്രാദേശിക സഖ്യത്തിന്റെ വിജയമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസ് സാമ്യമായ നിലപാടെടുക്കേണ്ടതുണ്ടെന്നു സിപിഐ നേതാവ് ഡി രാജ അഭിപ്രായപ്പെട്ടു. മതേതര മുന്നണിയെ ആരു നയിക്കണമെന്ന കാര്യത്തില്‍ തുറന്ന സമീപനമാണു സ്വീകരിക്കേണ്ടത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ ചര്‍ച്ച ആവശ്യമാണ്. എന്നാല്‍ അടിയന്തര ശ്രദ്ധ വേണ്ടതു ബിജെപിയെ പരാജയപ്പെടുത്തുന്നതിലാണെന്നും അദ്ദേഹം പറഞ്ഞു.
സഖ്യത്തിന്റെ വിജയത്തില്‍ ജെഡിഎസ് നേതാവ് എച്ച്ഡി ദേവഗൗഡയെ രാഹുല്‍ഗാന്ധി അഭിനന്ദിച്ചു. രാഹുല്‍ഗാന്ധിയാണു രാജ്യത്തെ നയിക്കാന്‍ യോഗ്യനായ നേതാവെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല അഭിപ്രായപ്പെട്ടു. ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് ശരദ് യാദവ്, ആര്‍ജെഡിയുടെ തേജസ്വി യാദവ്, ടിആര്‍എസിന്റെ കെ ചന്ദ്രശേഖര്‍ റാവു തുടങ്ങിയ നേതാക്കളും കര്‍ണാടക സഖ്യത്തെ മാതൃകയാക്കി ബിജെപി വിരുദ്ധ മുന്നണിക്കായി പ്രാദേശിക ശക്തികള്‍ യോജിക്കണമെന്ന് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it